ആരാധകർക്ക് തന്റെ കുഞ്ഞിനെ പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാം പോസ്റ്റുമായി നടി രാധിക ആപ്തെ. കുഞ്ഞിനെ മുലയൂട്ടുന്നതിനൊപ്പം, തന്റെ ജോലിയുമായി ബന്ധപ്പെട്ട്, ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കുന്നൊരു ചിത്രമാണ് അവർ ഇൻസ്റ്റയിൽ പങ്കുവെച്ചത്.
കുഞ്ഞുണ്ടായ വിശേഷം രാധിക ആപ്തെ ആരാധകരോട് വെളിപ്പെടുത്തിയിരുന്നില്ല. ഇതാദ്യമായാണ് കുഞ്ഞുമൊപ്പമുള്ള ചിത്രം അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. "പ്രസവത്തിനുശേഷമുള്ള ആദ്യത്തെ വർക്ക് മീറ്റിംഗ്, ഒരാഴ്ച മാത്രം പ്രായമുള്ള ഞങ്ങളുടെ കുഞ്ഞ് എൻ്റെ നെഞ്ചിൽ" എന്ന് അവർ ഇൻസ്റ്റയിൽ കുറിച്ചു.
സംഗീതസംവിധായകനും ബ്രിട്ടീഷ് വയലിനിസ്റ്റുമായ ബെനഡിക്റ്റ് ടെയ്‌ലറാണ് രാധികയുടെ പങ്കാളി. ഈ വർഷം ഒക്ടോബർ മാസത്തിൽ ബിഎഫ്ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ സിസ്റ്റർ മിഡ്‌നൈറ്റിൻ്റെ പ്രദർശനത്തിന് എത്തിയപ്പോഴാണ് രാധിക താൻ ഗർഭിണിയാണെന്ന കാര്യം വെളിപ്പെടുത്തിയത്.