വമ്പന്‍ ഹൈപ്പിലെത്തിയ ശേഷം, ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞ മോഹന്‍ലാല്‍ ചിത്രമായിരുന്നു ഒടിയന്‍. ഇപ്പോഴിതാ ഒടിയനിറങ്ങിയിട്ട് 6 വര്‍ഷമാകുന്ന വേളയില്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍.
ഒടിയന്‍ ഇറങ്ങിയിട്ട് 6 വർഷം. തകർക്കപ്പെടാത്ത റെക്കോർഡുകളുമായി ഒടിയന്‍ ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ ലാലേട്ടൻ്റെ (124 അടി) കട്ട് ഔട്ടാണ് അന്ന് മോഹൻലാൽ ഫാൻസ് തൃശൂർ യൂണിറ്റ് തൃശൂർ രാഗത്തിൽ സ്ഥാപിച്ചത്. – മോഹന്‍ലാലിന്‍റെ വമ്പന്‍ കട്ടൗട്ടിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇങ്ങനെയാണ് വിഎ ശ്രീകുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
റിലീസിന് മുമ്പ് വിഎ ശ്രീകുമാര്‍ പറഞ്ഞ വാക്കുകളാണ് സിനിമയുടെ ഹൈപ്പ് കൂട്ടിയതും പരാജയത്തിന് കാരണമായതുമെന്നുമാണ് ആരാധകര്‍ ഉള്‍പ്പടെ അന്നേ പറഞ്ഞിരുന്നത്. ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ബൊട്ടോക്‌സ് ട്രീറ്റ്മെന്റ് ചെയ്തിരുന്നു.
നിരവധി ട്രോള്‍ കമന്‍റുകളാണ് ഇതിന് താഴെ നിറയുന്നത്. അന്ന് വച്ച താടി ആണ്, അഞ്ചു കൊല്ലം ആയി കളയാൻ പറ്റിയിട്ടില്ല, എല്ലാം അണ്ണന്റ അനുഗ്രഹം എന്ന് കമന്‍റിടുന്നു ജാഫര്‍ ഖാന്‍. ഫേസ് എക്സ്പ്രഷൻസ് കൊണ്ട് മാജിക്ക് കാണിച്ചിരുന്ന നടനാണ് ലാൽ. അതു അങ്ങ് പോയി കിട്ടിയെന്നാണ് സന്തോഷ് ഹരിയുടെ പ്രതികരണം. അതേ സമയം ഒടിയന്‍ രണ്ടാം ഭാഗത്തിന് കട്ട വെയിറ്റിങ്, ഇനിയും ലാലേട്ടനുമായി പടം ചെയ്യണം തുടങ്ങിയ ഏതാനും കമന്‍റുകളും വരുന്നുണ്ട്.