സിനിമ സെറ്റുകളില്‍ ക്യാരവാന്‍ അനാവശ്യമാണെന്ന് നടി ശോഭന. പണ്ടൊന്നും അത്തരമൊരു സമ്പ്രദായം ഇല്ലെന്നും താരം പറയുന്നു. സെറ്റുമായും സിനിമയുമായുള്ള ബന്ധം കാരവൻ നഷ്ടപ്പെടുത്തുന്ന പോലെയാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് ശോഭന പറയുന്നു. കാലാവസ്ഥ നല്ലതാണെങ്കിൽ കാരവാൻ താൻ വേണ്ടെന്നു പറയാറുണ്ടെന്നും താരം വെളിപ്പെടുത്തി. ബിഹൈൻഡ്‍വുഡ്സ് ടിവി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശോഭന ഇക്കാര്യങ്ങൾ പങ്കുവച്ചത്.
ശോഭനയുടെ വാക്കുകള്‍
'ഇപ്പോഴും ക്യാരവാന്‍ കാണുമ്പോള്‍ എന്തിനാണിതെന്ന് തോന്നാറുണ്ട്. എനിക്ക് ക്യാരവാന്‍ വേണ്ടെന്ന് പറഞ്ഞാലും ക്യാരവാനില്‍ കയറണമെന്ന് പറയും. പണ്ടൊന്നും ക്യാരവാനില്ല, അതുകൊണ്ടുതന്നെ വളരെ വേഗത്തില്‍ കോസ്റ്റ്യൂം മാറി വരുമായിരുന്നു. അന്നൊന്നും ക്യാരവാന്‍ എന്താണെന്ന് പോലും അറിയില്ല. സെറ്റില്‍ ചെല്ലുമ്പോള്‍ ആദ്യം നോക്കുക വസ്ത്രം മാറാന്‍ ഏതെങ്കിലും മറവ് ഉണ്ടോ എന്നാണ്. ചില സെറ്റില്‍ കോസ്റ്റ്യൂം മാറാന്‍ വീട് ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് പറയും. അപ്പോള്‍ ഞാനൊക്കെ വിചാരിക്കുക. വണ്ടിയില്‍ കയറി അവിടെ വരെ പോയി വരണ്ടേ എന്നാണ്. ആ സമയം ലാഭിക്കാന്‍ ഞാന്‍ ലൊക്കേഷനില്‍ നിന്ന് തന്നെ വസ്ത്രം മാറി ആ സമയത്ത് കിടന്ന് ഉറങ്ങാറാണ് പതിവ്. എന്‍റെ ജനറേഷനിലെ എല്ലാ നായികമാരും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു. എല്ലാവരും നന്നായി അഡ്ജസ്റ്റ് ചെയ്യുമായിരുന്നു. ക്യാരവാന്‍ ശരിക്കും അനാവശ്യമാണ്'.
'ഒരു ദിവസം രണ്ട് ലക്ഷം രൂപ കൊടുക്കണം ക്യാരവാന്. എനിക്ക് അതില്‍ കയറി ഇറങ്ങുമ്പോഴേക്കും മുട്ട് വേദനിക്കും. എന്നെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കളുമായുള്ള കണക്ട് കാരവൻ കളയുന്നു എന്നതല്ല. മൊത്തം സ്ക്രിപ്റ്റ് തന്നെ കയ്യിൽ നിന്നു പോകുന്ന ഫീലാണ്. ഉദാഹരണത്തിന് ഒരു തറവാട്ടിലാണ് ഷൂട്ട് എന്നു കരുതൂ. അവിടെ സെറ്റിൽ തന്നെ ഇരിക്കുമ്പോൾ ആ ഇടവുമായി നമ്മൾ കണക്ട് ആകും. മറ്റ് ആർടിസ്റ്റുകൾ അഭിനയിക്കുന്നത് കാണാൻ കഴിയും. അങ്ങനെ ആ സ്ക്രിപ്റ്റിനെ ഉൾക്കൊള്ളാൻ കഴിയും. കാരവാൻ വന്നപ്പോൾ ഇത്തരം കാര്യങ്ങൾ കട്ട് ആകുന്ന പോലെ. അതിൽ കയറി ഇരിക്കുമ്പോൾ നാം വേറെ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കും. കുറച്ചു നേരം സോഷ്യൽ മീഡിയ നോക്കും. വേറെ എന്തെങ്കിലും ചെയ്യും. അതുകൊണ്ട്, കാലാവസ്ഥ നല്ലതാണെങ്കിൽ ഞാൻ കാരവാൻ വേണ്ടെന്നു പറയും. സെറ്റിലെ ഏതെങ്കിലും മുറിയിൽ ഇരുന്നോളാം എന്നു പറയും'