വിവാഹബന്ധം വേര്‍പെടുത്തുന്നുവെന്ന സംഗീതസംവിധായകൻ ജി.വി.പ്രകാശ് കുമാറും ഗായിക സൈന്ധവിയും പറഞ്ഞപ്പോള്‍ അത് ആരാധകരിലുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. എന്നാലിതാ സംഗീതത്തിനായി അവര്‍ വീണ്ടും ഒന്നിച്ചു. ഒരേ വേദിയില്‍ ഒന്നിച്ചുപാടിയ ആ പാട്ടും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വിഡിയോ സൈബറിടത്ത് വൈറല്‍.
മലേഷ്യയില്‍ നടന്ന ഒരു സംഗീത പരിപാടിയിലാണ് ജി.വിയും സൈന്ധവിയും ഒന്നിച്ചെത്തിയത്. 'പിറൈ തേടും ഇരവിലേ ഉയിരേ' എന്ന ഗാനം സൈന്ധവി ആലപിക്കുമ്പോള്‍ ജി.വി.പ്രകാശ് പിയാനോ വായിക്കുകയും കൂടെ പാടുകയും ചെയ്യുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള വിഡിയോ ചുരുങ്ങിയ സമയംകൊണ്ടാണ് ആരാധകര്‍ വൈറലാക്കിയത്. ‘പാട്ടും അതിലെ വരികളും പോലെയാണ് ജീവിതവും. ഈ കാഴ്ച വേദനിപ്പിക്കുന്നു’ എന്നാണ് പലരും വിഡിയോയ്ക്ക് കമന്‍റ് ചെയ്തിരിക്കുന്നത്.
2011 ല്‍ പുറത്തിറങ്ങിയ 'മയക്കം എന്ന' എന്ന ചിത്രത്തിനു വേണ്ടി ജി.വി.പ്രകാശ് കുമാര്‍ ഈണമൊരുക്കിയ പാട്ടാണ് 'പിറൈ തേടും'. സൈന്ധവിയും ജി.വി.പ്രകാശും ചേർന്നാണ് ചിത്രത്തിനായി പാടിയതും. ഈ സംഗീത പരിപാടിയുടെ പരിശീലനത്തിനിടയില്‍ നിന്നുള്ള ദൃശ്യങ്ങളും വൈറലായിരുന്നു. സൈന്ധവി, മകളെ വേദിയിലുള്ള ജി.വി.പ്രകാശിന് അടുത്തേക്ക് അയക്കുന്ന വിഡിയോ ആയിരുന്നു ഇത്. മകളെ ചേര്‍ത്തുപിടിച്ചാണ് ജി.വി.പ്രകാശ് പാട്ട് പാടി പരിശീലിച്ചത്.
ഈ വർഷം മേയിലാണ് തങ്ങൾ വിവാഹമോചിതരായെന്ന് ജി.വി.പ്രകാശും സൈന്ധവിയും പരസ്യമാക്കിയത്. ഏറെ ആലോചനകൾക്കു ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മാനസിക പുരോഗതിക്കും സമാധാനത്തിനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഇരുവരും പ്രതികരിച്ചിരുന്നു. 2013 ലായിരുന്നു ജി.വി.പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹം. അൻവി എന്നാണ് ഇരുവരുടെയും മകളുടെ പേര്.