യുഎഇയിലെ പുരാതന ക്രൈസ്തവ പള്ളികളിൽ ഒന്നായ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം പുനർനിർമിച്ച് വിശ്വാസികൾക്കായ് തുറന്നുകൊടുക്കുന്നു. നാളെ വിശുദ്ധ കൂദാശയോടെ അബുദാബി മുഷ്റിഫിലെ പള്ളി വിശ്വാസികൾക്ക് സമർപ്പിക്കും. ഒന്നര കോടി ദിർഹം ചെലവിലാണ് പള്ളി പുനർനിർമിച്ചത്.
1971 ഡിസംബർ ഒന്ന്. യുണൈറ്റ് അറബ് എമിറേറ്റ്സ് രൂപീകൃതമാകുന്നതിന് കൃത്യം ഒരു ദിവസം മുൻപാണ് അബുദാബി മുഷ്റിഫിൽ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ആദ്യ പ്രാർഥന നടന്നത്. 53 വർഷങ്ങൾക്ക് ഇപ്പുറം പള്ളി പുനർനിർമിച്ചിരിക്കുകയാണ് ഇപ്പോൾ. കൂദാശയും പ്രതിഷ്ഠയും നാളെയും മറ്റന്നാളുമായി നടത്തും
യുഎഇയുടെ സഹിഷ്ണുതയുടെയും മതസൗഹാർദത്തിന്റെ സഹോദര്യത്തിന്റെയും മറ്റൊരു മാതൃക കൂടിയാണ് പള്ളി . ക്രിസ്തുവിന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയും പരസ്യ ശുശ്രുഷയിലൂടെ നടത്തിയ അദ്ഭുതങ്ങൾ, ഉപമകൾ എന്നിവയുമാണ് ദേവാലയത്തിനു ചുറ്റുമുള്ള ഗ്ലാസുകളിൽ ചിത്രീകരിച്ചിരിക്കുന്നത്.
നിലവിൽ രണ്ടായിരത്തോളം കുടുംബങ്ങളാണ് ഇടവകയിലുള്ളത്. ആഴ്ചതോറും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ആറായിരത്തിലേറെ വിശ്വാസികളാണ് എത്തുന്നത്.