വിമാനയാത്രക്കിടെ മോശം പെരുമാറ്റം നടത്തുന്ന യാത്രക്കാരുടെ എണ്ണം ഏറിവരികയാണ്. മദ്യപിച്ച് ബഹളംവയ്ക്കുന്നതും നിസാരകാര്യങ്ങള്‍ക്ക് സഹയാത്രികരോടും ജീവനക്കാരോടും തര്‍ക്കിക്കുന്ന സംഭവങ്ങളും ഏറെയുണ്ട്. ഇപ്പോഴിതാ വിമാനത്തിന്റ സീറ്റുതന്നെ ചവിട്ടിപ്പൊളിക്കുന്ന യുവാവിന്റെ വിഡിയോ സൈബറിടങ്ങളില്‍ പ്രചരിക്കുകയാണ്. യുണൈറ്റഡ് എയർലൈന്‍സ് വിമാനത്തില്‍ നിന്നുള്ള വീഡിയോ ആണിപ്പോള്‍ പ്രചരിക്കുന്നത്.
ഓസ്റ്റിനില്‍ നിന്നും ലോസ് ആഞ്ചലസിലേക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരനാണ് സീറ്റ് നശിപ്പിച്ചത്. എക്സിറ്റ് റോ സീറ്റില്‍ പിടിച്ച് നടുവിലുള്ള കസേര ബലമായി ചവിട്ടുകയും പിന്നിലെ ഒഴിഞ്ഞ ഭാഗത്തേക്ക് തള്ളുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം. യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 502 വിമാനത്തില്‍ ഈ സമയം 76 യാത്രക്കാരും അഞ്ച് ക്രൂ അംഗങ്ങളുമുണ്ടായിരുന്നു. ഇയാള്‍ ഒരു സീറ്റും സീറ്റിന് പിന്നില്‍ ഘടിപ്പിച്ചിരുന്ന ട്രേയും ചവിട്ടി പൊട്ടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
നവംബർ 16 -ന് ആണ് സംഭവം നടന്നത്. സഹയാത്രികനാണ് യുവാവിന്റെ ചെയ്തികള്‍ മൊബൈലില്‍ പകര്‍ത്തിയത്. യുവാവിന്റെ പ്രവൃത്തി കണ്ടിട്ടും ഫ്ലൈറ്റ് അറ്റന്‍ഡന്റ് ഒന്നും ചെയ്യാന്‍ ശ്രമിച്ചില്ലെന്നും യാത്രക്കാര്‍ പറയുന്നു. പിന്നീട് യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ സിപ് ടൈകള്‍ ഉപയോഗിച്ച് കെട്ടിയിട്ടു. വിമാനം ലോസ് ആഞ്ചല്‍സിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥരെത്തി യുവാവിനെ പിടിച്ചുകൊണ്ടുപോയി. ഒപ്പം ഇയാളെ പിടികൂടാന്‍ സഹായിച്ച യാത്രക്കാര്‍ക്ക് നന്ദി പറഞ്ഞ ഫ്ലൈറ്റ് ക്രൂ, യുണൈറ്റഡിന്‍റെ വിമാനങ്ങളിൽ നിന്നും ഇയാളെ വിലക്കിയതായും അറിയിച്ചു.