വിമാനങ്ങള്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇസ്താംബൂളില്‍ മലയാളികളടക്കം 800 പേര്‍ കുടുങ്ങിക്കിടക്കുന്നു. ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമുള്ള ഇന്‍ഡിഗോ വിമാനങ്ങളാണ് കാരണം വ്യക്തമാക്കാതെ റദ്ദാക്കിയത്. രണ്ടുദിവസമായി കുടുങ്ങിക്കിടക്കുന്നവരില്‍ കാന്‍സര്‍ രോഗികളുമുണ്ട്.
സാങ്കേതിക കാരണങ്ങളാലാണ് വിമാനങ്ങള്‍ മുടങ്ങിയതെന്നും യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ കുറിച്ചു. യാത്രക്കാര്‍ക്ക് ഭക്ഷണവും താമസവും അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും സഹകരിക്കണമെന്നും ഇന്‍ഡിഗോ അഭ്യര്‍ഥിച്ചു.
അതേസമയം, വിമാനക്കമ്പനി ഉത്തരവാദിത്തരഹിതമായാണ് പെരുമാറിയതെന്നും മണിക്കൂറില്‍ രണ്ടുതവണയാണ് വിമാനം റദ്ദാക്കിയതെന്നും 12 മണിക്കൂര്‍ കഴിഞ്ഞിട്ടും യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. സ്വരുക്കൂട്ടിവച്ച സമ്പാദ്യം കൊണ്ടെടുത്ത ടിക്കറ്റാണെന്നും ഇപ്പോള്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നുവെന്നും യാത്രക്കാരിലൊരാള്‍ എക്സില്‍ കുറിച്ചു. കുട്ടികളും പ്രായമായവരുമടക്കം ആളുകള്‍ വലയുകയാണെന്നും ഭക്ഷണമോ വെള്ളമോ താമസ സൗകര്യമോ ലഭ്യമാക്കിയിട്ടില്ലെന്നും മറിച്ചുള്ള വാദം അടിസ്ഥാനരഹിതമാണെന്നും യാത്രക്കാര്‍ പറയുന്നു.