uae-flag-2

ദേശീയദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ച് യുഎഇ. ഉമ്മൽ ഖുവൈനിൽ ഗതാഗത പിഴകൾക്ക് അൻപത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. ദുബായിൽ രണ്ടുദിവസം പാർക്കിങ് സൗജന്യമാക്കി.  

യുഎഇയുടെ 53ാം ദേശിയദിനത്തിന്റെ ഭാഗമായി ഉമ്മുൽ ഖുവൈനിൽ ഗതാഗത നിയമലംഘനങ്ങൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബർ ഒന്നിന് മുൻപുള്ള പിഴകൾക്കാണ് ഇളവ് നൽകിയത്. ഡിസംബർ ഒന്ന് മുതൽ ജനുവരി 5 വരെ ഇളവ് പ്രയോജനപ്പെടുത്താമെന്ന് ഉമ്മുൽ ഖുവൈൻ ഗതാഗത കേന്ദ്രം അറിയിച്ചു. ഗുരുതരമല്ലാത്തെ നിയമലംഘങ്ങളുടെ പേരിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകൊടുക്കുകയും ബ്ലാക്ക് പോയിന്റുകൾ നീക്കുകയും ചെയ്യും. മറ്റ് എമിറേറ്റുകളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും ഇളവ് ബാധകമാണ്. 

അതേസമയം ദുബായിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പാർക്കിങ് സൗജന്യമാക്കി.  ഇതോടെ ഞായർ മുതൽ മൂന്ന് ദിവസം എമിറേറ്റിൽ പാർക്കിങ്ങിന് ഫീ നൽകേണ്ട. തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ അബുദാബി നഗരത്തിൽ ട്രക്കുകളും ഹെവി വാഹനങ്ങളും പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി. അബുദാബി, അൽ ഐൻ, സായിദ് സിറ്റി എന്നീ പ്രധാന നഗരങ്ങളിലേക്കാണ് പ്രവേശനവിലക്കെന്ന് സമഗ്ര ഗതാഗത കേന്ദ്രം അറിയിച്ചു. 

നഗരങ്ങളിലെങ്ങും പരിപാടികളും ഷോകളും അരങ്ങേറുന്ന സാഹചര്യത്തിലാണ് പ്രവേശന വിലക്ക്.  ഈദ് അൽ ഇത്തിഹാദ് എന്ന് പേരിട്ടിരിക്കുന്ന ദേശീയദിനാഘോഷങ്ങളുടെ ഔദ്യോഗിക വേദി ഇക്കുറി അബുദാബിയിലെ അൽ ഐൻ ആണ്.   വാരാന്ത്യവും കൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ് ദേശീയദിനത്തോട് അനുബന്ധിച്ച് യുഎഇയിലെ സർക്കാർ സ്വകാര്യ മേഖലാ ജീവനക്കാർക്ക് ലഭിക്കുന്നത്. ഈ ദിവസങ്ങളിൽ പൊതുമാപ്പ് കേന്ദ്രങ്ങളിലെ സേവനങ്ങൾ ലഭ്യമാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Eid Al Etihad 2024; 50% traffic fine discount announced in Umm Al Quwain