യുഎഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ സ്ഥാപകനേതാക്കൾക്ക് ആദരം അർപ്പിച്ച് ദുബായ് താമസകുടിയേറ്റ വകുപ്പ്. ഇമിഗ്രേഷന്റെ പ്രധാന ഓഫീസ് പരിസരത്തായിരുന്നു വർണാഭമായ പരിപാടി. രാജ്യത്തിന്റെ സ്ഥാപക നേതാക്കളായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും ഷെയ്ഖ് റാഷിദ് ബിൻ സായിദ് അൽ മംക്തുമിനും വേറിട്ട രീതിയിൽ ആദരം അർപ്പിച്ചായിരുന്നു ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ ദേശീയദിനാഘോഷം. 455 ഉദ്യോഗസ്ഥർ ചേർന്ന് സായിദ് റാഷിദ് ലോഗോയുടെ മനുഷ്യരൂപം അവതരിപ്പിച്ചു.
തുടർന്ന് വർണാഭമായ കലാപരിപാടികളും കുട്ടികളുടെ കലാ പ്രകടനങ്ങളും അരങ്ങേറി. യുഎഇയുടെ സമ്പന്നമായ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന വിവിധ നാടൻ കലാരൂപങ്ങളുടെ അവതരണവും ചടങ്ങുകൾക്ക് താളപെരുമയേകി. സമാധാനവും ഐക്യവും നിറഞ്ഞ രാജ്യമെന്ന നിലയിൽ യുഎഇയുടെ വിജയങ്ങളെ അഭിമാനത്തോടെ ആഘോഷിക്കാനുള്ള അവസരമാണ് ദേശീയ ദിനമെന്നും രാജ്യത്തെ ഭരണാധികാരികൾക്ക് നന്ദി അറിയിക്കുന്നുവെന്നും ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ അസിസ്റ്റന്റ് ഡയറക്ടർമാർ, സ്വദേശികളും വിദേശികളുമായ ജീവനക്കാർ അടക്കം ഒട്ടേറെപേർ ചടങ്ങിൽ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി രണ്ടാഴ്ചയായി ഹാപ്പിനെസ്സ് ഇമാറാത്തി സൂക്കും ഒരുക്കിയിരുന്നു.