രാജ്യാന്തര വോളൻഡിയർ ദിനത്തോട് അനുബന്ധിച്ച് സന്നദ്ധ പ്രവർത്തകർക്ക് ആദരമൊരുക്കി ദുബായ് താമസ കുടിയേറ്റ വകുപ്പ്. രാജ്യത്തെ ആദ്യത്തെ വോളണ്ടിയർ ലൈസൻസ് പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് പ്രത്യേക മൊമെന്റോ സമ്മാനിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത ജീവനക്കാരെയും പൊതുമാപ്പ് കേന്ദ്രങ്ങളിൽ സേവനം ചെയ്ത മലയാളികൾ അടക്കമുള്ളവരെയും ചടങ്ങിൽ ആദരിച്ചു.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ താമസ കുടിയേറ്റ വകുപ്പ് 92 സ്വയംസേവന പദ്ധതികൾ നടപ്പാക്കിയതായി മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. ദുബായ് അൽ ജാഫ്ലിയയിലെ താമസകുടിയേറ്റ വകുപ്പ് ഓഫീസിൽ നടന്ന ചടങ്ങിൽ ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് അതോറിറ്റിഡയറക്ടർ ജനറൽ ഹസ്സ ബിൻത് ഈസാ ബഹുമൈദ്, താമസകുടിയേറ്റ വകുപ്പ് ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ തുടങ്ങിയവർ പങ്കെടുത്തു.