yonathan

അന്ന് ഇസ്രയേലിനു രക്ഷകനായ മിലിട്ടറി ഓഫീസര്‍, യോനെയി എന്ന പേരിലറിയപ്പെടുന്ന യോനതന്‍ നെതന്യാഹു, ഇന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മൂത്ത സഹോദരന്‍. എന്നും രക്ഷകന്റെ  റോളായിരുന്നു ഇസ്രയേലില്‍  യോനതന്. രാജ്യത്ത് ഇന്നും ആഘോഷിക്കപ്പെടുന്ന ധീരയോദ്ധാവ്. 1976ലെ ഓപ്പറേഷന്‍ എന്റബെയുടെ അമരക്കാരന്‍. അന്ന് യോനതന്‍ രക്ഷിച്ചത് ബന്ദികളാക്കപ്പെട്ട നൂറോളം ജൂതന്‍മാരെ.

വീണ്ടുമൊരു യുദ്ധവും, ബന്ധനവും , കൂട്ടക്കൊലയും വാര്‍ത്തകളില്‍ നിറയുമ്പോഴാണ് യോനതന്‍ നെതന്യാഹുവും ചര്‍ച്ചയാവുന്നത്. ഗാസയിലിനി കരയുദ്ധം അല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന് ഇസ്രയേല്‍ തിരിച്ചറിയുമ്പോഴാണ് രാജ്യത്തിന്റെ ചരിത്രത്തിലെ ആ ഗ്രൗണ്ട് അറ്റാക്ക് ഓര്‍മിക്കപ്പെടുന്നത്.യുഎസ് പ്രസിഡന്റ് ജോബൈഡനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലൂടെ നെതന്യാഹു ഉറപ്പിച്ചതും അതു തന്നെ. വി ഹാവ് ടു ഗോ ഇന്‍. അതെ ഇസ്രയേലിനു ഗ്രൗണ്ട് ഓപ്പറേഷന്‍ പുത്തരിയല്ല, ഒരു ഇസ്രയേല്‍ ബന്ദിയുടെ പോലും ജീവന്‍ നഷ്ടപ്പെടാതെ ഇത്തരം ഓപ്പറേഷന്‍ നടത്തിയിട്ടുണ്ട് രാജ്യം മുന്‍പും. ഓപ്പറേഷന്‍ എന്റബെ.

ഇസ്രയേല്‍ സൈന്യത്തിന്റെ പ്രധാന സ്പെഷ്യല്‍ ഫോഴ്സായ സറേത് മത്കെലിന്റെ ഓഫീസറായിരുന്നു  യോനതന്‍. അന്ന് ഏഥന്‍സില്‍ നിന്നും 258 യാത്രക്കാരുമായി  ടെല്‍ അവീവിലേക്ക് പുറപ്പെട്ട എയര്‍ ഫ്രാന്‍സ് വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടു.    "പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പാലസ്തീനും ജര്‍മന്‍ തീവ്രവാദികളും ആയിരുന്നു ഹൈജാക്കിനു പിന്നില്‍. ഇസ്രയേലിയോ ജൂതന്‍മാരോ അല്ലെന്ന് ഉറപ്പാക്കിയവരെയെല്ലാം സംഘം വിട്ടയച്ചു. ബാക്കിയുള്ളവരെ ബന്ദികളാക്കി. 

ഉഗാണ്ടയിലെ എന്റബെയിലായിരുന്നു ബന്ദികളെ പാര്‍പ്പിച്ചത്. അന്ന് ഉഗാണ്ടയിലാകട്ടെ പലസ്തീന്റെ ശക്തനായ പിന്തുണക്കാരന്‍ ഈദി അമീന്റെ കീഴിലുള്ള ഭരണവും. നരബോജിയായ ഭരണാധികാരിയെന്ന് അറിയപ്പെട്ട ഈദി അമീന്റെ നാട്ടില്‍ നിന്നും ജൂതന്‍മാരെ മോചിപ്പിക്കുകയെന്നത് അങ്ങേയറ്റം ശ്രമകരമായിരുന്നു. അവിടെയാണ് ജൂതന്‍മാര്‍ക്ക് രക്ഷകനായി യോനതനെത്തുന്നത്. 

ഇസ്രായേൽ, കെനിയ, പശ്ചിമ ജർമ്മനി ഉള്‍പ്പെടെയുള്ള മറ്റ് ചില രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന 53 ഭീകരരെ മോചിപ്പിക്കണമെന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ദി ലിബറേഷന്‍ ഓഫ് പലസ്തീന്റെ ആവശ്യം. കൂടുതല്‍ ആലോചിക്കാതെ ആ ആവശ്യത്തിനു ഇസ്രയേല്‍ മറുപടി നല്‍കി. ഇസ്രായേലില്‍ നിന്നും 200 ഓളം സൈനികരുടെ ഒരു കമാൻഡോ ഗ്രൂപ്പ് യോനതന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍  നാല് ഹെർക്കുലീസ് വിമാനങ്ങളില്‍ പറന്നു. 

ഇസ്രായേൽ കമാൻഡോകൾ  നേരെചെന്ന്  ബന്ദികളെ പാര്‍പ്പിച്ച ടെർമിനൽ തകർത്തു,  എല്ലാ തീവ്രവാദികളെയും ഡസൻ കണക്കിന് ഉഗാണ്ടൻ സൈനികരെയും വധിച്ചു. ബന്ദികളാക്കിയവരിൽ മൂന്ന് പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബാക്കിയുള്ള ബന്ദികള്‍ യൊനാതന്റെയും ടീമിന്റേയും കൈകളില്‍ ഭദ്രം. എല്ലാ ജൂതന്‍മാരെയും ഓപ്പറേഷന്‍ എന്റബെയിലൂടെ രക്ഷിച്ചു. എല്ലാ ഇസ്രയേലി പൗരന്‍മാരെയും രക്ഷിച്ചെങ്കിലും റെയ്ഡിന്റെ അവസാനസമയത്ത് യോനതന്‍ നെതന്യാഹു ഒരു ഉഗാണ്ടന്‍ സൈനികന്റെ വെടിയേറ്റ് മരണമടഞ്ഞു. പിന്നെ ജറുസലേം മൗണ്ട് ഹര്‍സല്‍ മിലിട്ടറി സെമിത്തേരിയില്‍ അന്ത്യനിദ്ര. 

അന്ന് ഇസ്രയേലിന് നഷ്ടപ്പെട്ടത് ഏറ്റവും ധീരനായ സൈനിക ഓഫീസറെയായിരുന്നു. തന്റെ നാട്ടുകാരെയെല്ലാം രക്ഷിച്ച ശേഷമാണ് യൊനാതന്റെ മരണം. അദ്ദേഹത്തോടുള്ള ആദരസൂചകമായി ആ റെയ്ഡിന്റെ ഓപ്പറേഷന്‍ എന്റബെ എന്ന പേരുമാറ്റി ഓപ്പറേഷന്‍ യൊനാതന്‍ എന്നാക്കി മാറ്റി. ഇസ്രയേലി പ്രഫസര്‍ ബെന്‍സിയന്‍ നെതന്യാഹുവിന്റെ മൂത്തമകന്‍. ന്യൂയോര്‍ക്കില്‍ ജനനം. പഠിച്ചതും വളര്‍ന്നതും യുഎസില്‍. ഇസ്രയേലിലും യുഎസിലുമായി ജീവിതം. 

1964ല്‍ പഠനം കഴിഞ്ഞ ശേഷം ഇസ്രയേല്‍ പ്രതിരോധസേനയുടെ ഭാഗമായി. പാരാട്രൂപ്പ് ബ്രിഗേഡിന്റെ ഭാഗമായി സേവനം. പിന്നീട് കുട്ടിക്കാലം മുതലുള്ള കൂട്ടുകാരി ടിര്‍സയുമായി 67ല്‍ വിവാഹം. തിരിച്ച് വീണ്ടും യുഎസ് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലേക്ക്.  ഫിലോസഫിയിലും ഗണിതശാസത്രത്തിലും അഗ്രഗണ്യന്‍. യൂണിവേഴ്സിറ്റി ഡീന്‍ ലിസ്റ്റിലിടം നേടിയ യൊനാതന്‍ പിന്നെ ജറുസലേം യൂണിവേഴ്സിറ്റിയിലേക്കെത്തി. 69ല്‍ പഠനം നിര്‍ത്തി സൈന്യത്തിലേക്ക്.  അക്കാലത്തുണ്ടായ യുദ്ധഭീതിക്കിടെ യൊനാതന്‍ സ്വന്തം സേവനം  നാടിനു വേണമെന്നു തിരിച്ചറിഞ്ഞു. അങ്ങനെയാണ് സൈന്യത്തിലെത്തിയത്. 

യൊനാതന്റെ ഇളയ സഹോദരനാണ് ഇന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മറ്റൊരു സഹോദരനായ ഇദോ നെതന്യാഹുവും മിലിട്ടറിയുടെ ഭാഗമായവര്‍ തന്നെ. ബന്ദികളുടെ ജീവന്‍ കാക്കാന്‍ അന്ന് യൊനാതന്‍ സൃഷ്ടിച്ച ടെംപ്ലേറ്റ് ഉണ്ട് ഇസ്രയേലിന്. ഓപ്പറേഷന്‍ എന്റബെ നല്‍കിയ കരുത്തും ആത്മവിശ്വാസവുമുണ്ട് ആ നാടിന്. അതാണ് മധ്യസ്ഥചര്‍ച്ചകള്‍ക്കിടെയിലും ഒരു ഗ്രൗണ്ട് അറ്റാക്കിനും മുതിരാന്‍ ഇസ്രയേലിനെ പ്രാപ്തരാക്കുന്നത്.