നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചുള്ള വധശിക്ഷ യു എസ് നടപ്പാക്കിയതിന് പിന്നാലെ നിരവധിപ്പേരാണ് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. കെന്നത്ത് യുജിന്‍ സ്മിത്ത് എന്നയാളാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. 2022 ല്‍ വിഷം കുത്തിവച്ച് വധശിക്ഷ നടപ്പിലാക്കാന്‍ ശ്രമിച്ചുവെങ്കിലും ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നൈട്രജന്‍ ഗ്യാസ് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. നൈട്രജന്‍ ഹൈപോക്സിയ എന്നാണ് ഇത് അറിയപ്പെടുന്നത്.
ഇത് വലിയ പീഡനമാണെന്നും പ്രതി ശ്വാസം മുട്ടിയാണ് മരിക്കുന്നത് എന്നും യു.എന്‍ മനുഷ്യവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു. മുന്‍പ് പരീക്ഷിക്കപ്പെടാത്ത രീതിയില്‍ നടപ്പാക്കേണ്ടി വന്ന കെന്നത്ത് യൂജീന്‍ സ്മിത്തിന്‍റെ വധശിക്ഷയില്‍ താന്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നും, ഇത് തീര്‍ത്തും ക്രൂരവും മനുഷ്യത്വ രഹിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1988 മാര്‍ച്ച് 18 ന് എലിസബത്ത് സെന്നറ്റ് എന്ന 45കാരിയെ കൊലപ്പെടുത്തിയ കേസിലാണ് സ്മിത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. കടക്കെണിയില്‍ നിന്ന് രക്ഷപെടുന്നതിനായി ഭാര്യയെ കൊന്ന് ഇന്‍ഷൂറന്‍സ് പണം തട്ടിയെടുക്കാന്‍ എലിസബത്തിന്‍റെ ഭര്‍ത്താവ് ചാള്‍സ് സെന്നറ്റ് പദ്ധതിയിട്ടു. ഇത് നടപ്പിലാക്കാന്‍ സ്മിത്തിനെയും ജോണ്‍ ഫോറസ്റ്റ് പാര്‍ക്കറെന്നയാളെയും 1000 ഡോളര്‍ നല്‍കി ഇയാള്‍ വാടകയ്ക്കെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കേസില്‍ പാര്‍ക്കറെയും സ്മിത്തിനെയും കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.