നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചുള്ള വധശിക്ഷ ആദ്യമായി നടപ്പിലാക്കിയിരിക്കുകയാണ് യുഎസ്. കെന്നത്ത് യുജിന്‍ സ്മിത്ത് എന്നയാളാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. 2022 ല്‍ വിഷം കുത്തിവച്ച് വധശിക്ഷ നടപ്പിലാക്കാന്‍ ശ്രമിച്ചുവെങ്കിലും ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നൈട്രജന്‍ ഗ്യാസ് ഉപയോഗിക്കാന്‍ തീരുമാനിച്ചത്.
എന്താണ് നൈട്രജന്‍ ഹോപോക്സിയ? എങ്ങനെയാണ് മരണം സംഭവിക്കുക?
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളുടെ മുഖത്ത് ശ്വസിക്കുന്നതിനുള്ള മാസ്ക് വയ്ക്കും. ഇത് നൈട്രജന്‍ സിലിണ്ടറുമായി ബന്ധിപ്പിച്ച ശേഷം 15 മിനിറ്റോളം മാസ്ക് മുഖത്ത് തന്നെ വയ്ക്കും. നൈട്രജന്‍ ശ്വസിച്ച് തുടങ്ങുന്നതോടെ തലച്ചോറിലേക്കുള്ള ഓക്സിജന്‍റെ പ്രവാഹം നിലയ്ക്കുകയും നിമിഷങ്ങള്‍ബോധരഹിതനായി മരണം സംഭവിക്കും.
സ്മിത്തിനെ കൊലപ്പെടുത്താന്‍ നൈട്രജന്‍ ഉപയോഗിക്കുന്നതിനെതിരെ അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. നൈട്രജന്‍ ശ്വസിക്കുമ്പോള്‍ ഛര്‍ദിക്കാനുള്ള സാധ്യതയേറെയാണെന്നും വളരെ മോശം രീതിയിലുള്ള മരണമാകും സംഭവിക്കുകയെന്നും അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ ഇത് ഊഹാപോഹം മാത്രമാണെന്നും അവസാനത്തെ ഭക്ഷണം കഴിക്കുന്നത് കുറച്ച് നേരത്തെയാക്കിയാല്‍ മാത്രം മതിയെന്നുമായിരുന്നു സോളിസിറ്റര്‍ ജനറലിന്‍റെ മറുപടി. മനുഷ്യന് സാധ്യമായതില്‍ ഏറ്റവും വേദനാരഹിതമായ മരണമാണിതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. 165 പേരാണ് അലബാമയില്‍ വധശിക്ഷ കാത്തുകഴിയുന്നത്.
1988 മാര്‍ച്ച് 18 ന് എലിസബത്ത് സെന്നറ്റ് എന്ന 45കാരിയെ കൊലപ്പെടുത്തിയ കേസിലാണ് സ്മിത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. കടക്കെണിയില്‍ നിന്ന് രക്ഷപെടുന്നതിനായി ഭാര്യയെ കൊന്ന് ഇന്‍ഷൂറന്‍സ് പണം തട്ടിയെടുക്കാന്‍ എലിസബത്തിന്‍റെ ഭര്‍ത്താവ് ചാള്‍സ് സെന്നറ്റ് പദ്ധതിയിട്ടു. ഇത് നടപ്പിലാക്കാന്‍ സ്മിത്തിനെയും ജോണ്‍ ഫോറസ്റ്റ് പാര്‍ക്കറെന്നയാളെയും 1000 ഡോളര്‍ നല്‍കി ഇയാള്‍ വാടകയ്ക്കെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കേസില്‍ പാര്‍ക്കറെയും സ്മിത്തിനെയും കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പാര്‍ക്കറെ 2010 ല്‍ വിഷം കുത്തിവച്ച് കൊല്ലുകയായിരുന്നു. ഭാര്യയുടെ കൊലപാതകത്തില്‍ താന്‍ സംശയനിഴലിലാണെന്ന് വ്യക്തമായതോടെ പാസ്റ്റര്‍ കൂടിയായ ഭര്‍ത്താവ് ചാള്‍സ് ജീവനൊടുക്കിയെന്നും കോടതിരേഖകള്‍ വ്യക്തമാക്കുന്നു. താനല്ല എലിസബത്തിനെ കൊന്നതെന്നും ഒപ്പം നിന്നതേയുള്ളൂവെന്നും സ്മിത്ത് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
What is Nitrogen hypoxia? how US carries out Kenneth smith's execution