പറന്നുയര്‍ന്ന ഉടന്‍ എന്‍ജിനില്‍ തീപ്പിടിത്തമുണ്ടായതിന് പിന്നാലെ വിമാനം തിരിച്ചിറക്കി. ഇറ്റലിയിലെ റോം ഫിയുമിസിനോ വിമാനത്താവളത്തിൽ നിന്നും ചൈനയിലെ ഷെന്‍ഷനിലേക്ക് പുറപ്പെട്ട ഹൈനാൻ എയർലൈൻസിന്റെ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനത്തിനാണ് ആകാശത്ത് തീപിടിച്ചത്. അപകടസമയം വിമാനത്തില്‍ 249 യാത്രക്കാരും 16 ജീവനക്കാരും ഉണ്ടായിരുന്നു.
എന്‍ജീനില്‍ പക്ഷി ഇടിച്ചതോടെയാണ് തീപിടിത്തമുണ്ടാകുന്നത്. തീപിടിച്ചതിന് പിന്നാലെ ഇന്ധന കുറച്ചതിന് ശേഷം വിമാനം സുരക്ഷിതമായി ഫിയുമിസിനോ വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. സംഭവം മറ്റ് വിമാന സര്‍വീസുകളെയും ബാധിച്ചിട്ടില്ല.
ആകാശത്തിലൂടെ സഞ്ചരിക്കുന്ന വിമാനത്തിന്റെ വലത് ഭാഗത്ത് തീപ്പിടിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. വലത് എഞ്ചിൻ ഭാഗത്ത് പക്ഷി ഇടിച്ചെന്നും സുരക്ഷ ഉറപ്പാക്കാനായി വിമാനം ഉടൻ തിരിച്ചിറക്കിയെന്നും കമ്പനി വ്യക്തമാക്കി. ഈയിടെയിത് രണ്ടാം തവണയാണ് ബോയിങ് വിമാനങ്ങള്‍ക്ക് തീപിടിക്കുന്നത്.
കഴിഞ്ഞാഴ്ച ബോയിംഗ് 737-500 വിമാനം പപ്പുവ പ്രവിശ്യയിലെ സെന്‍റാനി വിമാനത്താവളത്തിൽ തീപിടിച്ചിരുന്നു. ജൂണിൽ, ടൊറന്‍റോ പിയേഴ്സൺ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന എയർ കാനഡയുടെ ബോയിംഗ് വിമാനത്തിന്‍റെ എന്‍ജിനും തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു.