‘ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരം, വളര്‍ന്നുവരുന്ന ഫിനാന്‍ഷ്യല്‍ ഹബ്’ ഒരുകാലത്ത് ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയെ ലോകം ഒരുകാലത്ത് വാഴ്ത്തിയത് ഇങ്ങനെയായിരുന്നു. ടോക്കിയോയുടെ സുവര്‍ണ കാലഘട്ടമായിരുന്നു അത്, എന്നാല്‍ ഇന്നോ? ദാരിദ്ര്യത്തിന്‍റെ പടുകുഴിയില്‍ വീണ് ലൈംഗികവൃത്തി ഉപജീവനമാര്‍ഗമാക്കിയവരുടെ കേന്ദ്രമായി ടോക്കിയോ മാറിയിരിക്കുന്നു. ചുരിക്കപ്പറഞ്ഞാല്‍ പുതിയലോകത്തെ സെക്സ് ടൂറിസം ഹബ്!
തെരുവുകളിൽ സ്ത്രീകളെത്തേടി അലയുന്ന പുരുഷന്‍മാര്‍ ഇന്നിവിടെ പതിവ്കാഴ്ചയാണ്. തായ്‌ലൻഡിലെ ബാങ്കോക്കിനു പിന്നാലെ സെക്‌സ് ടൂറിസത്തിന്‍റെ പ്രധാനകേന്ദ്രമായി ടോക്കിയോ വളര്‍ന്നിരിക്കുന്നു. വിദേശ വിനോദസഞ്ചാരികളെയും ഇത് ഇങ്ങോട്ടാകര്‍ഷിക്കുന്നു. ടോക്കിയോടെ ഈ പോക്കിനു പിന്നില്‍ ഒന്നിലധികം ഘടകങ്ങളുണ്ട്. മറ്റ് കറൻസികൾക്കെതിരെ ജാപ്പനീസ് യെൻ ദുർബലമാകുന്നത് സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുന്നു. ആഭ്യന്തര കറന്‍സി ദുര്‍ബലമായ മുറയ്ക്ക് ഇവിടേക്ക് എത്തുന്ന വിദേശവിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഒപ്പം കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യവും ജപ്പാനെ പിന്നട്ടടിച്ചെന്നാണ് ലൈസൺ കൗൺസിൽ പ്രൊട്ടക്റ്റിംഗ് യൂത്ത്സ് (സെയ്ബോറെൻ) സെക്രട്ടറി ജനറൽ യോഷിഹിഡെ തനക പറയുന്നത്. തങ്ങളുടെ സ്ഥാപനത്തിന് അടുത്തുള്ള ഒരു പാർക്ക് നഗരത്തിലെ സെക്സ് ടൂറിസത്തിന്‍റെ ഹബ്ബായി മാറിയെന്നും കോവിഡ് കാലത്തെ യാത്രാ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതോടെ ധാരാളം വിദേശികള്‍ ഇങ്ങോട്ട് ഒഴുക്കുന്നതായും അദ്ദേഹം പറഞ്ഞതായി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഇന്ന് നഗരത്തില്‍ ധാരാളം വിദേശ പുരുഷന്മാരെ കാണുന്നു. പല രാജ്യങ്ങളിൽ നിന്നുള്ളവര്‍. പാശ്ചാത്ത്യരും ഏഷ്യക്കാരുമുണ്ട്. എന്നാല്‍ ഭൂരിഭാഗവും ചൈനക്കാരാണ്’. അതിജീവനത്തിനായി ആണ്‍പെണ്‍ ഭേദമന്യേ ലൈംഗികവൃത്തിയിലേക്ക് കടന്നുവരുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിദേശികളായ പുരുഷന്മാർക്ക് യുവതികളെ ലഭിക്കാനും ലൈംഗിക സേവനങ്ങൾ വാങ്ങാനും കഴിയുന്ന ഒരു രാജ്യമായി ജപ്പാൻ മാറിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യമെന്ന് രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺസ്റ്റിറ്റ്യൂഷണൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജപ്പാന്‍റെ നേതാവ് കസുനോറി യമനോയിയെ ഉദ്ധരിച്ച് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് ഇനി ആഭ്യന്തര പ്രശ്‌നമല്ലെന്നും രാജ്യാന്തര സമൂഹത്തിൽ ജാപ്പനീസ് സ്ത്രീകളെ ലോകം എങ്ങനെ കാണുന്നു എന്നത് വളരെ ഗുരുതരമായ വിഷയമാണെന്നും അദ്ദേഹം പറയുന്നു.
കോവിഡ് കാലഘട്ടത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് ജാപ്പനീസ് സ്ത്രീകളെ ലൈംഗിക വൃത്തിയിലേക്ക് തള്ളിവിടുന്നത്. വിദേശത്തുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്കും സെക്സ് ടൂറിസവുമായും രാജ്യത്തെ ക്ലബ്ബുകള്‍ക്ക് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെന്‍റ് (എംപിഡി) പറയുന്നതനുസരിച്ച് 2023ൽ ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നതിനിടെ അറസ്റ്റിലായവരിൽ 80% പേരും 20 വയസിൽ ഉള്ളവരാണ്. മൂന്ന് പേർ 19 വയസോ അതിൽ താഴെയോ ഉള്ളവരോ ആയിരുന്നു. നിയമത്തിലെ പഴുതുകളും നിലവിലുള്ളവയുടെ മോശം സംവിധാനങ്ങളും വളര്‍ന്നുവരുന്ന സെക്സ് ടൂറിസത്തിന് ആക്കം കൂട്ടുന്നുണ്ട്. മാത്രമല്ല ശാരീരികമായ ആക്രമണങ്ങളും ദുരുപയോഗവും ലൈംഗികവൃത്തിയിലേര്‍പ്പെടുന്നവര്‍ നേരിടേണ്ടിവരുന്നു. ലൈംഗിക രോഗങ്ങളും രാജ്യത്ത് പടരുന്നു.
വിഷയത്തില്‍ സര്‍ക്കാരും കര്‍ശന നടപടികളുമായി രംഗത്തുണ്ട്. ജപ്പാനിലെ എംപ്ലോയ്‌മെന്‍റ് സെക്യൂരിറ്റി ആക്‌ട് ലംഘിച്ചുവെന്നാരോപിച്ച് ഈ ആഴ്ച ആദ്യം ടോക്കിയോ മെട്രോപൊളിറ്റൻ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. സെക്‌സ് ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നതിനായി സോഷ്യൽ മീഡിയ വഴി സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നവരാണിവര്‍. രാജ്യവ്യാപകമായി 350ഓളം കടകളുമായി ഇവര്‍ കരാറില്‍ ഏര്‍പ്പെട്ടതായും സോഷ്യൽ മീഡിയ വഴി സ്ത്രീകളെ റിക്രൂട്ട് ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു. നെതർലാൻഡ്‌സ് പോലുള്ള രാജ്യങ്ങളിൽ ലൈംഗികവൃത്തി നിയമപരമാണ്. എന്നാൽ മനുഷ്യക്കടത്തും മറ്റ് കുറ്റകൃത്യങ്ങളും ചെറുക്കുന്നതിനും സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ഈ വ്യവസായത്തിന് വളരെയധികം നിയന്ത്രണമുണ്ട്.