TOPICS COVERED

ഡൊണാള്‍ഡ് ട്രംപിന്‍റെ വ്യാപാര ഭീഷണിയും സാമ്പത്തിക മാന്ദ്യ ഭീഷണിയും നിലനില്‍ക്കുന്നതിനിടെ ചൈനയ്ക്ക് കരുത്തായി സ്വര്‍ണ നിക്ഷേപം. വടക്കു കിഴക്കൻ ചൈനയുടെ ഭാഗമായ ഹുനാൻ പ്രവിശ്യയിൽ 1000 മെട്രിക്ക് ടണ്‍ സ്വര്‍ണ നിക്ഷേപമാണ് കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ നിക്ഷേപമാണിതെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 600 ബില്യൺ യുവാൻ അഥവാ 7 ലക്ഷം കോടി രൂപ മൂല്യം വരുമിതിന്. നേരത്തെ ദക്ഷിണാഫ്രിക്കയില്‍ ഖനനം ചെയ്തെടുത്ത 930 മെട്രിക് ടൺ സ്വർണ ശേഖരത്തിന്‍റെ റെക്കോര്‍ഡാണ് ചൈന മറികടന്നത്.  

പ്രാഥമിക പര്യവേക്ഷണത്തിൽ 2 കിലോമീറ്റർ താഴ്ചയിൽ 300 മെട്രിക് ടൺ സ്വർണമുള്ള 40 സ്വർണ പാളികള്‍ കണ്ടെത്തിയിട്ടുണ്ട്.  3D  പരിശോധനയില്‍ 3 കിലോമീറ്റർ താഴ്ചയില്‍ സ്വര്‍ണത്തിന്‍റെ ശേഖരമുണ്ടാകാം എന്ന സൂചന ലഭിച്ചിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥ ദുർബലമായതും കറൻസിയായ യുവാന്‍ ശക്തി ഇടിഞ്ഞതും ആഗോള വ്യാപാര പിരിമുറുക്കങ്ങളും ഉൾപ്പെടെയുള്ള വെല്ലുവിളികള്‍ ചൈനയെ കാര്യമയി ബാധിച്ചിട്ടുണ്ട്. അത്തരം സമയങ്ങളിൽ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ പരിഗണിക്കുന്നതിനാലാണ് ചൈന സ്വർണ ശേഖരം വർധിപ്പിക്കാൻ ശ്രമിക്കുന്നത്. 

വര്‍ഷങ്ങളായി ധാതു പര്യവേക്ഷണത്തിന് ചൈനീസ് സര്‍ക്കാര്‍ വലിയ നിക്ഷേപം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വർണം, എണ്ണപര്യവേഷണങ്ങള്‍ക്കായി  2022-ൽ 110.5 ബില്യൺ യുവാന്‍ (1.27 ലക്ഷം കോടി രൂപ) ചിലവാക്കിയിട്ടുണ്ട്. വിദേശ വിഭവങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ചൈനീസ് നടപടികളുടെ ഭാഗമായാണിത്. 

ENGLISH SUMMARY:

China discovers gold reserve worth nearly 7 lakhs crore.