യുഎസിലെ കലിഫോര്‍ണിയയെ ഞെട്ടിച്ച് വന്‍ കഞ്ചാവ് വേട്ട. 10കോടി ഡോളര്‍ മൂല്യം വരുന്ന കഞ്ചാവാണ് കലിഫോര്‍ണിയയിലെ ഓക്ക് ഹില്‍സില്‍ നിന്നും യുഎസ് പൊലീസ് പിടികൂടിയത്. മാലിന്യം കളയാന്‍ ഉപയോഗിക്കുന്ന 3000 ബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പുതിയതായി നിര്‍മിച്ച സംഭരണ കേന്ദ്രത്തിനടുത്ത് നിന്നും രൂക്ഷമായ ഗന്ധം ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.
സംഭരണകേന്ദ്രത്തിന്‍റെ ഉള്ളില്‍ കടന്ന പൊലീസാണ് വന്‍തോതില്‍ കഞ്ചാവ് സൂക്ഷിച്ച് വച്ചിരിക്കുന്നത് കണ്ടെത്തിയത്. 45 ടണ്‍ കഞ്ചാവാണ് കണ്ടെടുത്തതെന്നും രണ്ട് ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും നിന്ന് 51 ലോഡുകളിലായാണ് കഞ്ചാവ് ഇവിടെ നിന്നും നീക്കം ചെയ്തതെന്നും പൊലീസ് അറിയിച്ചു. അതേസമയം ഇത്രയധികം അളവില്‍ സൂക്ഷിച്ച കഞ്ചാവിന്‍റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇതുവരെയും ഫലം കണ്ടില്ലെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ നിയമിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
ഇത്രയധികം കഞ്ചാവ് എവിടേക്കാണ് കൊണ്ടുപോകുന്നതെന്നും എവിടെ നിന്നാണ് കൊണ്ടുവരുന്നതെന്നും യുഎസില്‍ മാത്രമുള്ള ഉപയോഗത്തിനാമോ എന്നതടക്കം നിരവധി കാര്യങ്ങള്‍ പരിശോധനയിലുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മരുന്നിനായും ഉല്ലാസത്തിനായും കഞ്ചാവിന്‍റെ ഉപയോഗം അനുവദനീയമായ സംസ്ഥാനമാണ് കലിഫോര്‍ണിയ. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ കഞ്ചാവ് കൃഷി ചെയ്യുന്നതിനായി പ്രത്യേക അനുമതി ആവശ്യമാണ്.