അതിവേഗത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പരക്കുന്നത്. അത്തരത്തില്‍ വളരെ പെട്ടെന്ന് പ്രചാരം നേടിയ ഒന്നാണ് ഒരു വര്‍ഷം 13–ാം തീയതിയും വെള്ളിയാഴ്ചയും ഒന്നിച്ചു വന്നാല്‍ ദുര്‍ദിനമാണെന്ന പറച്ചില്‍. 13 എന്ന തീയതി തന്നെ നിര്‍ഭാഗ്യത്തിന്‍റേതാണെന്ന് പല പാശ്ചാത്യ സംസ്കാരങ്ങളും കരുതിപ്പോരുന്നുമുണ്ട്. അതിനൊപ്പം വെള്ളിയാഴ്ച കൂടിയാകുമ്പോള്‍ കുപ്രചരണം കൊഴുക്കുകയാണ്. സാധാരണയായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് 13–ാം തീയതിയും വെള്ളിയാഴ്ചയും ഒന്നിച്ച് വരുന്നത്. എന്നാല്‍ ഈ വര്‍ഷം രണ്ട് തവണ അത് സംഭവിച്ചു. ഇക്കുറി സെപ്റ്റംബര്‍ 13 ഉം, ഡിസംബര്‍ 13ഉം (ഇന്ന്) വെള്ളിയാഴ്ചയായിരുന്നു.
പതിമൂന്ന് എന്ന സംഖ്യ അപൂര്‍ണതയെ സൂചിപ്പിക്കുന്നുവെന്നും ഒപ്പം വെള്ളിയാഴ്ച കൂടിയാകുമ്പോള്‍ അത് പൂര്‍ണമാകുമെന്നുമാണ് ചില വിശ്വാസങ്ങള്‍ പറയുന്നത്. ക്രിസ്ത്യന്‍ വിശ്വാസപ്രകാരവും വെള്ളിയാഴ്ചയും 13ഉം മോശം ദിവസമാണെന്ന് വാദിക്കുന്നവരുണ്ട്. അന്ത്യ അത്താഴത്തിന്‍റെ അന്ന് യേശുക്രിസ്ത്രുവിനെ ഒറ്റിക്കൊടുത്ത യൂദാസ് 13–ാമനായാണ് വിരുന്നിലേക്ക് എത്തിയതെന്നും യേശുവിനെ ക്രൂശിച്ചത് ഒരു വെള്ളിയാഴ്ചയാണെന്നുമാണ് ഇക്കൂട്ടരുടെ വാദം.
ഫ്രാന്‍സിലെ ഫിലിപ്പ് നാലാമന്‍ രാജാവ് കുരുശുയുദ്ധപ്പോരാളികളെ കൂട്ടത്തോടെ വകവരുത്തിയത് 1307 ഒക്ടോബര്‍ 13നായിരുന്നു. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. നോര്‍സ് ഐതിഹ്യമനുസരിച്ച് ദേവന്‍മാരുടെ വിരുന്നില്‍ 13–ാമത്തെ അതിഥിയായി ലോകിയെത്തിയെന്നും ലോകിയുടെ സാന്നിധ്യം ദൗര്‍ഭാഗ്യവും കഷ്ടതയും വരുത്തിവച്ചുവെന്നും ലോകം തന്നെ ഇരുട്ടിലായിപ്പോയെന്നുമാണ് കഥ.
കാര്‍ഡുകള്‍ വച്ച് ഭാവി പ്രവചിക്കുന്നവരും 13നെ മോശം ദിവസമായാണ് കാണുന്നത്. മരണത്തിന്‍റെ സംഖ്യയാണ് 13 എന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. ആദമും ഹവ്വയും വിലക്കപ്പെട്ട കനി കഴിച്ചതിനെ തുടര്‍ന്ന് പറുദീസയില്‍ നിന്ന് പുറത്തായതും, ആദ്യ കൊലപാതകമായ ഏയ്ബലിന്‍റെ കൊലപാതകവും നോഹയുടെ കാലത്തെ പ്രളയവുമെല്ലാം സംഭവിച്ചത് വെള്ളിയാഴ്ചകളിലാണെന്നാണ് പറയുന്നത്. ഈജിപ്ഷ്യന്‍ വിശ്വാസമനുസരിച്ചും പതിമൂന്ന് മോശം ദിവസമാണ്. ഇതിന് പുറമെ ഇറ്റലി, സ്പെയിന്‍ എന്നിവിടങ്ങളിലെ ചിലയിടങ്ങളിലും 13–ാം നമ്പര്‍ ദൗര്‍ഭാഗ്യമായാണ് കരുതിപ്പോരുന്നത്. എന്നാല്‍ ഇതൊക്കെ അന്ധവിശ്വാസങ്ങള്‍ മാത്രമാണെന്നും ശാസ്ത്രീയമായ അടിത്തറകളില്ലാത്തതാണെന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു. ഭാഗ്യ–ദൗര്‍ഭാഗ്യങ്ങള്‍ ആളുകളുടെ ചിന്തകളിലാണുള്ളതെന്നും അശാസ്ത്രീയമായ വാദങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.