രാജ്യത്ത് പട്ടാള നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച നടപടിയെ തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് യൂന്‍ സുക് യോലിനെ പാര്‍ലമെന്‍റ് ഇംപീച്ച് ചെയ്തു. 300 അംഗ പാര്‍ലമെന്‍റില്‍ 204 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. ഭരണകക്ഷിയിലുള്ളവര്‍ പിന്തുണച്ചതോടെ യോളിന് പുറത്തേക്കുള്ള വഴി തെളിയുകയായിരുന്നു. പ്രമേയം പാസായതോടെ യോല്‍ സ്ഥാനഭ്രഷ്ടനാവുകയും പ്രധാനമന്ത്രി ആക്ടിങ് പ്രസിഡന്‍റായി ചുമതലയേല്‍ക്കുകയും ചെയ്യും.
'വര്‍ഷാവസാനം ജനങ്ങള്‍ക്ക് അല്‍പമെങ്കിലും സന്തോഷം നിറഞ്ഞതാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നിര്‍ത്തി വച്ച ആഘോഷങ്ങള്‍ ആരംഭിക്കാമെന്നായിരുന്നു പ്രമേയം പാസായ വിവരം പങ്കുവച്ച് സ്പീക്കര്‍ വൂ വൂ ഷിക് പറഞ്ഞു. ദക്ഷിണ കൊറിയയുടെ ഭാവി ജനങ്ങളുടെ കയ്യിലാണെന്നും നമ്മുടെ പ്രതീക്ഷകള്‍ ഉറച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംപീച്ച്മെന്‍റ് പാസായെങ്കിലും ആഴ്ചകളെടുത്ത് മാത്രമേ അത് പ്രാബല്യത്തില്‍ വരികയുള്ളൂ. ഭരണഘടനാ കോടതിയില്‍ ഇനി വിചാരണ നടക്കണം. ആകെയുള്ള ഒന്‍പത് ജഡ്ജിമാരില്‍ ആറുപേര്‍ ഇംപീച്ച്മെന്‍റിനെ അനുകൂലിച്ച് വോട്ട് ചെയ്താല്‍ യോള്‍ ഔദ്യോഗികമായി പുറത്താകും. ഭരണഘടനാ കോടതിയിലും യോളിന്‍റെ പക്കലും ഇംപീച്ച് ചെയ്തതായുള്ള പകര്‍പ്പെത്തിയാല്‍ പ്രസിഡന്‍റിന്‍റെ അധികാരങ്ങള്‍ അവസാനിക്കും. 180 ദിവസത്തിനുള്ളിലാണ് യോലിനെ സ്ഥാനഭ്രഷ്ടനാക്കണോ അതോ നിലനിര്‍ത്തണോ എന്നത് സംബന്ധിച്ച് കോടതി തീരുമാനം എടുക്കുക.
ഡിസംബര്‍ മൂന്നിന് അര്‍ധരാത്രിയോടെയാണ് രാജ്യത്തെയും ലോകത്തെയും ഞെട്ടിച്ച് യോലി പട്ടാള ഭരണം പ്രഖ്യാപിച്ചത്. എന്നാല്‍ പ്രതിപക്ഷവും പൊതുജനവും മാത്രമല്ല, സ്വന്തം പാര്‍ട്ടിയായ പീപ്പിള്‍സ് പവറും കൂടി പ്രതിഷേധിച്ചതോടെ യോല്‍ പ്രതിരോധത്തിലായി. ആറുമണിക്കൂറിനകം രാഷ്ട്രീയനാടകം അവസാനിപ്പിച്ച് പ്രഖ്യാപനം പിന്‍വലിച്ചെങ്കിലും യോലിന്‍റെ ഭാവി തുലാസിലാവുകയായിരുന്നു. ഉത്തരകൊറിയയുമായി ചേര്‍ന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു യോലിന്‍റെ ആരോപണം.