ദക്ഷിണ കൊറിയയെ നടുക്കിയ വിമാനാപകടത്തില്‍ നിന്നും ജീവനോടെ ശേഷിച്ചത് ആകെ രണ്ടുപേര്‍ മാത്രമെന്ന് സൂചന. വിമാന ജീവനക്കാരില്‍ ഒരാളും യാത്രക്കാരില്‍ ഒരാളും മാത്രം രക്ഷപെട്ടെന്നാണ് ഇതുവരെ പുറത്തുവരുന്ന വിവരം. ജീവനക്കാരും യാത്രക്കാരുമുള്‍പ്പെടെ ആകെ 181 പേരാണ് ബാങ്കോക്കില്‍ നിന്നും മുആനിലേക്ക് വന്ന വിമാനത്തിലുണ്ടായിരുന്നത്. ഏറ്റവും പിന്നിലായതിനാലാണ് രണ്ടുപേരും അദ്ഭുതകരമായി രക്ഷപെട്ടതെന്നാണ് നിഗമനം. അതേസമയം, തിരിച്ചറിഞ്ഞ മൃതദേഹങ്ങളിലേറെയും സ്ത്രീകളുടേതാണ്.
മു ആന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ജീജു എയര്‍ലൈന്‍സിന്‍റെ ബോയിങ് 737–800 വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി മതിലില്‍ ഇടിച്ചതോടെയാണ് തീപിടിച്ചത്. തീപിടിക്കുന്നതിന് നിമിഷങ്ങള്‍ മുന്‍പ് വിമാനം ബെല്ലി ലാന്‍ഡിങിന് ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. ലാന്‍ഡിങ് ഗിയര്‍ പൂര്‍ണമായും പുറത്തേക്ക് എടുക്കാതെ ലാന്‍ഡ് ചെയ്യുന്നതിനാണിങ്ങനെ പറയുന്നത്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയതോടെ കനത്ത പുകയും തീയും ആകാശത്തേക്ക് ഉയരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
രാവിലെ ഒന്‍പത് മണിയോടെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. 32ഓളം ഫയര്‍ ട്രക്കുകളും അഗ്നിരക്ഷാ സേനാംഗങ്ങളും പണിപ്പെട്ടാണ് തീയണച്ചത്. പക്ഷി വന്നിടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്‍റെ ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിച്ചുവെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് കരുതുന്നത്. ഒപ്പം മോശം കാലാവസ്ഥയും വില്ലനായി. കൃത്യമായ കാരണം കണ്ടെത്തുന്നതിനായി ദക്ഷിണ കൊറിയ അന്വേഷണം പ്രഖ്യാപിച്ചു.
കടുത്ത ദുഃഖവും നിരാശയും തോന്നുന്നുവെന്നും ലജ്ജിച്ച് തലതാഴ്ത്തുകയാണെന്നുമായിരുന്നു ദുരന്തത്തിന് പിന്നാലെ ജീജു എയര്‍ലൈന്‍സിന്‍റെ പ്രതികരണം. അപകടത്തില്‍പ്പെട്ടവരുടെ ഉറ്റവര്‍ക്കൊപ്പമുണ്ടെന്നും നിരുപാധികം മാപ്പ് പറയുന്നുവെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. എല്ലാ വിധ സഹായങ്ങളും നല്‍കുമെന്നും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.