അമിത് ഷാ ബിജെപി അണികളുടെ കരുത്തുറ്റ നായകനാണ്. അധ്യക്ഷ പദത്തിലേറിയതിന് പിന്നാലെ പാര്‍ട്ടിയെ പല സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തിച്ച അതികായന്‍. കർണാടകയിലെ തെരഞ്ഞെടുപ്പ് പക്ഷേ അദ്ദേഹത്തിന് കുഞ്ഞുകുഞ്ഞു ‘രസികന്‍’ തിരിച്ചടികളുടേതാണ്. രാജ്യത്ത് ഏറ്റവുമധികം അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന സർക്കാർ യെഡിയൂരപ്പയുടേതാണെന്ന അമിത് ഷായുടെ നാക്കു പിഴ സമൂഹമാധ്യമങ്ങളിൽ ഏറ്റെടുത്ത‌ിരുന്നു. സിൽക്ക് ഉത്പാദനത്തിൽ കർണാടക നമ്പർ വൺ ആണെന്ന തുറന്നുപറച്ചിൽ ബിജെപി അണികളിൽ ആശയക്കുഴപ്പവും മറ്റുളളവരിൽ ചിരി പടർത്തുകയും ചെയ്തു. ആകെ മുങ്ങിക്കുളിച്ചു നിൽക്കുമ്പോഴാണ് അടുത്ത പണി പരിഭാഷകന്റെ രൂപത്തിലും.

ശ്രിംഖേരിയിലും ചിക്കമംഗലൂരുവിലും അമിത് ഷാ നടത്തിയ പ്രസംഗവും അതിന്റെ പരിഭാഷയുമാണ് വീണ്ടും ദേശീയ അധ്യക്ഷനെയും ബിജെപിയേയും വെട്ടിലാക്കിയത്. പരിഭാഷ കേട്ട് സാക്ഷാൽ അമിത് ഷായ്ക്ക് തന്നെ വിളറി പിടിക്കുകയും പരിഭാഷകനെ പരസ്യമായി ശകാരിക്കുകയും ചെയ്തു. ചിക്കമംഗലൂരുവിൽ സൗണ്ട് സിസ്റ്റത്തിനുണ്ടായ തകരാർ അമിത് ഷായെ ചൊടിപ്പിച്ചു. ആദ്യത്തെ പത്തുമിനിറ്റോളം എന്താണ് പരിഭാഷകൻ പറയുന്നതെന്ന് മനസിലാകുക പോലും ചെയ്യാതെ നോക്കി നിൽക്കുകയായിരുന്നു ജനക്കൂട്ടം. അതിനിടെ പരിഭാഷകന്റെ മൈക്രോഫോൺ തകരാരിലാകുകയും ചെയ്തതോടെ അമിത് ഷായുടെ നിയന്ത്രണം വിട്ടു. 

നരേന്ദ്രമോദി ബിജെപി പ്രധാനമന്ത്രിയാണെന്ന് വരെ പരിഭാഷകൻ പറഞ്ഞപ്പോൾ ഞെട്ടലോടെ നോക്കിനിൽക്കാനേ അമിത് ഷായ്ക്ക് കഴിഞ്ഞുളളൂ. ശ്രിംഗേരിയില്‍ നടത്തിയ പ്രസംഗത്തിലും ചിരി മഴ പെയ്തു. മോദിജി ഒരു പവര്‍ പ്രൊഡക്ഷന്‍ ഹൗസാണെന്നും എന്നാല്‍ സിദ്ധരാമയ്യ ചെറിയ ഒരു ട്രാന്‍സ്‌ഫോമര്‍ മാത്രമാണെന്നും അമിത് ഷാ കത്തിക്കയറി. ഒന്ന് കത്തിപ്പോയാല്‍ വൈദ്യുതി വിതരണം ട്രാന്‍സ്‌ഫോമറിനെ കൊണ്ട് സാധ്യമാകില്ലെന്നും അമിത് ഷാ പറഞ്ഞു.

മോദി ട്രാന്‍സ്‌ഫോമറാണെന്നും സിദ്ധരാമയ്യ പവര്‍ പ്രൊഡക്ഷന്‍ ഹൗസ് ആണെന്നുമായിരുന്നു പരിഭാഷകന്റെ തർജ്ജമ. ഇതോടെ അമിത് ഷാ ചൂടായി. താങ്കൾ പറഞ്ഞത് തെറ്റാണെന്നും തിരുത്തിപ്പറയണമെന്നും നിലപാട് എടുത്തു. ഇതെല്ലാം കണ്ട് സദസ് കൂട്ടച്ചിരിയിലുമായി. കാപ്പി തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴിലും കൂലിയും ഇല്ലെന്നും അപ്പോഴും സിദ്ധാരാമയ്യ സര്‍ക്കാര്‍ ഉറങ്ങുകയാണെന്നും അമിത് ഷാ പറഞ്ഞപ്പോൾ സിദ്ധാരമയ്യ സര്‍ക്കാര്‍ വരണ്ടുണങ്ങി എന്നായിരുന്നു പരിഭാഷകന്‍ പറഞ്ഞത്. ഇതോടെ പരിഭാഷയിൽ അമിത് ഷാ പൂർണമായി ഇടപെടാൻ തുടങ്ങി. നിങ്ങൾ ആളുകളെ ആശയക്കുഴപ്പത്തിലാക്കരുത് എന്ന് അപേക്ഷിക്കാനും മറന്നില്ല. വിഡിയോ കാണാം.