സിപിഎമ്മിനെ കൈവിട്ട ത്രിപുരയിൽ ഇപ്പോഴും ബിജെപി മുന്നേറുന്ന കാഴ്ചയാണ്. എന്നാൽ ഇപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനും സിപിഎമ്മിനും പ്രതീക്ഷ സമ്മാനിക്കുന്ന വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നത്. വെസ്റ്റ് ത്രിപുര ജില്ലയിൽ പെട്ട ബധാർഘട്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വിജയിച്ചെങ്കിലും വോട്ടു കണക്കിൽ കോൺഗ്രസിനും സിപിഎമ്മിനും ആശ്വസിക്കാം. നില മെച്ചപ്പെടുത്തി ഗംഭീര പ്രകടനമാണ് ഇരുകൂട്ടരും നടത്തിയത്.
കോൺഗ്രസിന് മണ്ഡലത്തിൽ മുൻപ് കിട്ടിയതിനെക്കാൾ 18 മടങ്ങ് വോട്ടാണ് ഇപ്പോൾ ലഭിച്ചത്. കോൺഗ്രസ് നേതാവായിരുന്ന ദിലീപ് സർക്കാർ ബിജെപിയിൽ ചേർന്നതോടെ നഷ്ടപെട്ട മണ്ഡലത്തിൽ ലഭിച്ച വോട്ടുക്കണക്ക് കോൺഗ്രസിന് പ്രതീക്ഷ നൽകുന്നു. തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ സിപിഎം സ്ഥാനാർഥിയും വോട്ടുകണക്കിൽ മികച്ച പ്രകടനം നടത്തി. ബി.ജെ.പി സ്ഥാനാര്‍ത്ഥി മിമി മജുംദാർ 20487 വോട്ടുകൾ നേടി.
രണ്ടാം സ്ഥാനത്തെത്തിയ സിപിഎം സ്ഥാനാർത്ഥി ബുൾതി ബിശ്വാസ് 15211 വോട്ട് നേടി. 2018 ൽ വെറും 505 വോട്ട് മാത്രമാണ് മണ്ഡലത്തിൽ കോൺഗ്രസ് നേടിയിരുന്നത്. ഇത്തവണയത് 9015 വോട്ടാക്കി ഉയർത്തി.