modi-friend-bjp

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം 20 വർഷം ജോലി ചെയ്ത വിശ്വസ്തനായ മുൻ ഐഎഎസ് ഓഫിസർ അരവിന്ദ് കുമാർ ശർമ ബിജെപിയിൽ ചേർന്നു. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. യുപി ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ശർമ മൽസരിച്ചേക്കുമെന്നും യോഗി ആദിത്യനാഥ് സർക്കാരിൽ ഉയർന്ന സ്ഥാനം നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

ലെജിസ്ലേറ്റീവ് കൗൺസിലിലെ 12 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 28നാണ് നടക്കുന്നത്. മൈക്രോ, സ്മോൾ, മീഡിയം എന്റർപ്രൈസസ് (എംഎസ്എംഇ) വകുപ്പിൽ സെക്രട്ടറിയായിരുന്നു ശർമ. എല്ലാവരെയും ആശ്ചര്യപ്പെടുത്തിയാണു ശർമ സർവീസിൽനിന്ന് സ്വയമേവ വിരമിച്ചത്. യുപിയിലെ മൗവിൽനിന്നുള്ള ഇദ്ദേഹം 1988ൽ ഗുജറാത്ത് കേഡറിലാണു സർവീസ് തുടങ്ങിയത്.

2001ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനൊപ്പംതന്നെ അദ്ദേഹത്തിന്റെ സെക്രട്ടറിയായി പ്രവർത്തനം ആരംഭിച്ചു. ഗുജറാത്ത് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്നു. 2014ലാണ് പ്രധാനമന്ത്രിയുടെ ഓഫിസിൽ ചുമതലയേൽക്കുന്നത്. മേയിലാണ് എംഎസ്എംഇയുടെ ചുമതല കിട്ടിയത്.