ആര്‍.എസ്.പി. മുതിര്‍ന്ന നേതാവ് ടി.ജെ.ചന്ദ്രചൂഡന്‍ അന്തരിച്ചു. 82 വയസായിരുന്നു. മൂന്നുതവണവീതം ആർ.എസ്.പി. ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ബുധനാഴ്ച രാവിലെ ഏഴുമുതല്‍ വീട്ടിലും പതിനൊന്നരമുതല്‍ ആര്‍.എസ്.പി. സംസ്ഥാന കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് രണ്ടിന് ശാന്തികവാടത്തില്‍.
ചന്ദ്രചൂഡന്റെ നിര്യാണത്തിൽ മുഖ്യമന്ത്രിയുൾപ്പടെയുള്ള പ്രമുഖർ അനുശോചിച്ചു. ഇടത് രാഷ്ട്രീയത്തിന് തൊഴിലാളികള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ചനേതാവാവായിരുന്നു ടി.ജെ. ചന്ദ്രചൂഡനെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുപിഎ ഭരണകാലത്ത് ദേശീയ രാഷ്ട്രീയത്തിലും ചന്ദ്രചൂഡന്‍ ശ്രദ്ധേയനായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കമ്മ്യൂണിസത്തിന് വിപ്ലവ വീര്യം പോരെന്ന് പറഞ്ഞാണ് 72 കൊല്ലം മുൻപ് ആർഎസ്പി രൂപം കൊള്ളുന്നത്. ആ ചിന്ത എന്നും മനസിൽ സൂക്ഷിച്ചുകൊണ്ടുള്ള നിലപാടുകളായിരുന്നു ടി.ജെ.ചന്ദ്രചൂഡന്റേത്. ആർഎസ്പിയുടെ നിലപാട് പറയാൻ മടികാണിക്കാത്ത ചന്ദ്രചൂഡന്റെ നാക്കിന്റെ മൂർച്ച കേരളത്തിലെ രണ്ടു മുന്നണികളും ആവോളം തിരിച്ചറിഞ്ഞു. അതിന് അദ്ദേഹം കൂട്ടുപിടിച്ചത് വളർന്നവന്ന ചുറ്റുപാടിനെയും.
ആർഎസ്പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ പി.എസ്.യു വിലൂടെ പൊതുരംഗത്തു വന്ന ചന്ദ്രചൂഡന്‍ പിഎസ്യുവിന്റെയും ആർവൈഎഫിന്റെ മുൻ രൂപമായ പിവൈഎഫിന്റെയും സംസ്ഥാന അധ്യക്ഷനായി. 1975ല്‍ ആർ.എസ്.പി സംസ്ഥാന നേതൃതലത്തിലേക്ക് ഉയർന്നു. 1999 -2008 കാലത്ത് സംസ്ഥാന സെക്രട്ടറിയായി. 1982, 87, 2006 വർഷങ്ങളിൽ നിയമസഭയിലേക്ക് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. 2008 ൽ സെക്രട്ടറി സ്ഥാനത്തേക്ക് വി.പി.രാമകൃഷ്ണപിള്ളയോട് തോറ്റ ചന്ദ്രചൂഡൻ , അതേവർഷം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് ദേശീയ തലത്തിലെ അമരക്കാരനായി പാർട്ടിക്കുള്ളിൽ പകരം വീട്ടി. ബേബിജോണിനും കെ. പങ്കജാക്ഷനും ശേഷം ജനറൽ സെക്രട്ടറിയായ ഏക മലയാളി. മൂന്നു തവണ ജനറൽസെക്രട്ടറിയായ ചന്ദ്രചൂഡൻ 2018 ൽ സ്ഥാനമൊഴിഞ്ഞ് സജീവരാഷ്ട്രീയത്തിൽ നിന്ന് പിൻവലിഞ്ഞു. കേരള സർവകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിഎയ്ക്കും എം.എയ്ക്കും ഒന്നാം റാങ്കോടെ പാസായി. കെ.ബാലകൃഷ്ണന്റെ കൗമുദിയിൽ പത്രപ്രവർത്തനായ ചന്ദ്രചൂഡൻ തുടർന്ന് ദേവസ്വം ബോർഡ് കോളജിൽ അധ്യാപകനായി. തുളസി ഭായ് ആണ് ഭാര്യ. പാർവതിയും ലക്ഷ്മിയും മക്കളും.
RSP Leader T J Chandrachoodan dies at 82