treecutplkd-14

പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിലെ തേക്ക് മരം മതിയായ അനുമതിയില്ലാതെ മുറിച്ച് കടത്താൻ ശ്രമം. ചില്ല മുറിക്കാനുള്ള അനുമതിയുടെ മറവിൽ അവധി ദിനത്തിൽ തടി കടത്താൻ ശ്രമിച്ചുവെന്നാണ് ആക്ഷേപം. മനോരമ ന്യൂസ് സംഘം സ്ഥലത്തെത്തി അന്വേഷിച്ചതിന് പിന്നാലെ വാഹനത്തിൽ കയറ്റിയ തടി തിരികെ ഇറക്കിയ ശേഷം മരം മുറിക്കാനെത്തിയവർ മടങ്ങി.

 

രണ്ടാം ശനി. അവധി ദിനം. മരത്തിന്റെ ചില്ല മുറിക്കാൻ പറ്റിയ സമയമെന്ന് ചിലർ ഉറപ്പിച്ചു. പിന്നാലെ ആളെക്കൂട്ടിയെത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ വൻ തേക്ക് മരം മുറിച്ചിട്ടു. മരം മുറിയുടെ കാരണമറിയാൻ സ്ഥലത്തെത്തിയ മനോരമ ന്യൂസ് സംഘത്തെ കണ്ടയുടൻ പണികൾ നിർത്തി. അപകടാവസ്ഥയിലായ മരം മുറിക്കാൻ അനുമതിയുണ്ടെന്ന് സ്ഥലത്തുണ്ടായിരുന്ന വ്യവസായ വകുപ്പ് ഉദ്യോഗസ്ഥൻ ആദ്യം പറഞ്ഞു. രേഖ പിന്നീട് കാണിക്കാമെന്നറിയിച്ച് ഒഴിഞ്ഞുമാറി. പേരും പദവിയും ഉൾപ്പെടെ മാറ്റിപ്പറഞ്ഞ് ഉദ്യോഗസ്ഥൻ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. ഒടുവിൽ വാഹനത്തിൽ കയറ്റിയ തേക്ക് തടി തൊഴിലാളികൾ തിരിച്ചിറക്കി. ഡ്രൈവർ വാഹനവുമായി ഓഫിസ് വളപ്പിൽ നിന്നും കടന്നു. മരം മുറിക്ക് അനുമതി നൽകിയതായി അറിയില്ലെന്നാണ് പാലക്കാട് നഗരസഭ അധ്യക്ഷയുടെ നിലപാട്. ട്രീ കമ്മിറ്റി അടുത്തെങ്ങാനും കൂടിയതായും രേഖയിലില്ല. കലക്ടറേറ്റിന് സമീപത്തുള്ള സർക്കാർ ഓഫിസ് വളപ്പിലെ മരം മുറിയിൽ ജില്ലാഭരണകൂടവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

 

മരം മുറിക്കാൻ മതിയായ അനുമതിയില്ല. അനുമതിയുണ്ടെങ്കിൽപ്പോലും ടെണ്ടർ നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷമാണ് തടി പുറത്തേക്ക് കൊണ്ടുപോകേണ്ടത്. ഈ വ്യവസ്ഥകളെല്ലാം ലംഘിച്ചുവെന്നാണ് യാഥാർഥ്യം

 

Illegal tree cut in palakkad industrial centre premise