വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ട തുകയുടെ ആദ്യഗഡു സംസ്ഥാന സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം നല്‍കും. സഹകരണബാങ്കുകളില്‍ നിന്ന് 550 കോടിയുടെ വായ്പയാണ് തുറമുഖ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. വായ്പാ വ്യവസ്ഥകളിലും ഈടിലും തീരുമാനമെടുക്കാന്‍ തിങ്കളാഴ്ച തുറമുഖ–ധനമന്ത്രിമാര്‍ ചര്‍ച്ച നടത്തും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
വിഴിഞ്ഞം തുറമുഖത്തിന്‍റെ പുലിമുട്ട് നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കേണ്ട വിഹിതമായ 347 കോടിയാണ് അടിയന്തരമായി വേണ്ടത്. കൊങ്കണ്‍ റയില്‍വേയ്ക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ 100 കോടിയും വിഴിഞ്ഞം ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ജംഗ്ഷന്‍ വികസനത്തിന് ഭൂമിയേറ്റെടുക്കാന്‍ 100 കോടിയും വേണം. ആകെ 550 കോടി രൂപ. ഈ തുക സഹകരണബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ തുറമുഖ–സഹകരണ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. അദാനി ഗ്രൂപ്പിന് ആദ്യഗഡുവായി 100 കോടിയെങ്കിലും നല്‍കാനാണ് തുറമുഖവകുപ്പിന്‍റെ ശ്രമം.
സഹകരണബാങ്കുകള്‍ സ്ഥിരനിക്ഷേപത്തിന് നല്‍കുന്ന പലിശ 8.45 ശതമാനമാണ്. ബ്രിഡ്ജ് ലോണ്‍ ആയതിനാല്‍ ഇതില്‍ നിന്ന് മുക്കാല്‍ ശതമാനം അധികമാണ് വിഴിഞ്ഞം തുറമുഖത്തിനായി വിസില്‍ നല്‍കേണ്ടി വരിക. അധികം പലിശ ഈടാക്കരുതെന്ന് തുറമുഖ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പക്കുള്ള വ്യവസ്ഥകള്‍, ഈട് എന്നിവ സംബന്ധിച്ചും തീരുമാനമെടുക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിലാണ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായി സഹകരണമന്ത്രി വി.എന്‍.വാസവന്‍ ചര്‍ച്ചനടത്തുന്നത്.