കണ്ടല സഹകരണ ബാങ്കില്‍ നടന്നത് കരുവന്നൂര്‍ മോഡല്‍ തട്ടിപ്പെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്.   ഭാസുരാംഗനും മകനും 200 കോടിയുടെ തട്ടിപ്പ് നടത്തി. വഴിവിട്ട വായ്പയ്ക്കായി ഉന്നത നേതാക്കളും ഇടപെട്ടെന്നും ഇഡി വ്യക്തമാക്കി. ഭാസുരാംഗനെയും മകനെയും കൊച്ചിയിലെ . പി.എം.എൽ.എ കോടതിയിൽ ഹാജരാക്കും. ഇതിനുശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനാണ് ഇഡിയുടെ തീരുമാനം. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഭാസുരാംഗൻ ഉയർത്തിയ ആരോപണങ്ങളെക്കുറിച്ചും ഇഡി പരിശോധിക്കും. തട്ടിപ്പില്‍ പങ്കുണ്ടെന്ന തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഭാസുരാംഗനോടും മകനോടും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകളും സ്വത്തുവിവരങ്ങളും നേരിട്ടെത്തി ഹാജരാക്കാന്‍ ഇഡി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് രാവിലെ പത്തരയോടെ കൊച്ചിയിലെത്തിയ ഇരുവരെയും പത്തുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. 

അതേസമയം ക്രമക്കേടുമായി ബന്ധപ്പെട്ട് ഭാസുരാംഗന്‍ അറസ്റ്റിലായെങ്കിലും നിക്ഷേപകര്‍ കടുത്ത ആശങ്കയിലാണ്. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കഴിയാത്ത ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണുള്ളതെന്നാണ് പാര്‍ട് ടൈം അ‍ഡ്മിനിസ്ട്രേറ്റര്‍ കാട്ടാക്കട സഹകരണ സംഘം അസിസ്റ്റന്‍റ് റജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതോടെ തുക തിരികെ ലഭിക്കാന്‍ സര്‍ക്കാര്‍ സഹായം തേടുകയാണ് നിക്ഷേപകര്‍.

 

Karuvannur model scam in kandala, says ED