കെന്നത്ത് യുജിന്‍ സ്മിത്ത്

അമേരിക്കയില്‍, ആദ്യമായി നൈട്രജന്‍‌ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. കെന്നത്ത് യുജിന്‍ സ്മിത്ത് എന്ന അന്‍പത്തിയെട്ടുകാരനെയാണ് അലബാമയില്‍ വധശിക്ഷയ്ക്കു വിധേയനാക്കിയത്. കടുത്ത എതിര്‍പ്പുകള്‍ക്കിടെയാണ് ശിക്ഷ നടപ്പാക്കിയത്. 

 

വിഷംകുത്തിവച്ച് വധശിക്ഷ നടപ്പാക്കുന്ന അമേരിക്കയില്‍ ആദ്യമായാണ് നൈട്രജന്‍ ഗാസ് വധശിക്ഷ പരീക്ഷിച്ചത്. കെന്നത്ത് യൂജിന്‍ സ്മിത്തിന്റെ മുഖത്തുധരിപ്പിച്ച മാസ്കിലൂടെ നൈട്രജന്‍ കടത്തിവിട്ടു. നാലുമിനിറ്റ് കിടന്ന് പിടഞ്ഞു. പിന്നെ അ‍ഞ്ചുമിനിറ്റ് ദീര്‍ഘമായി നിശ്വസിച്ചു. അതോടെ യൂജിന്‍ സ്മിത്ത് ചരിത്രത്തിന്റെ ഭാഗമായി. 1988 ല്‍ സുവിശേഷകന്റെ ഭാര്യയായ എലിസബത്ത് സെന്നറ്റിനെ വധിച്ച കേസിലാണ് സ്മിത്തിന് വധശിക്ഷ വിധിച്ചത്.  2022 ല്‍ വിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും  സാങ്കേതികവും നിയമപരവുമായ കാരണങ്ങളാല്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് നൈട്രജന്‍ ഗാസ് സ്വസിപ്പിച്ച് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചത്.

 

ആരോഗ്യ വിദഗ്ധരുടെ കടുത്ത എതിര്‍പ്പിനിടയിലായിരുന്നു നീക്കം.  ഓക്സിജന് പകരം നൈട്രജന്‍ ഗാസ് ശ്വസിക്കുമ്പോള്‍ ശരീരത്തിലെ കോശങ്ങള്‍ നശിക്കുകയും മരണം സംഭവിക്കുകയും ചെയ്യും. എന്നാല്‍ ശിക്ഷയ്ക്ക് വിധേയനാകുന്നയാള്‍ക്ക്  കടുത്ത വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുമെന്നാണ് ഒരുവിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ചിലപ്പോള്‍ മരണം സംഭവിക്കാതെ തലച്ചോറിനെ ബാധിക്കുന്ന ഗുരുതര സാഹചര്യം ഉണ്ടാകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് വധശിക്ഷ നടപ്പാക്കിയത്.

 

 Alabama carries out US' first execution using nitrogen gas