എംബിബിഎസ് വിദ്യാർഥികളുടെ ആത്മഹത്യ കൂടുതൽ കേരളത്തിൽ. നാഷണൽ മെഡിക്കൽ കമ്മീഷന്റെ കണക്ക് പ്രകാരം 2022 വരെയുള്ള അഞ്ച് വർഷത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത് 9 വിദ്യാർഥികൾ. രാജ്യത്താകമാനം 64 എംബിബിഎസ് വിദ്യാർഥികളും 58 ബിരുദാനന്തര മെഡിക്കൽ വിദ്യാർഥികളും ആത്മഹത്യ ചെയ്തതായാണ് കണക്ക്. പ്രശ്നപരിഹാരത്തിനായി എൻഎംസി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു.
ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ പുറത്തുവിട്ടിട്ടുള്ളത്. 2018നും 22നും ഇടയിൽ രാജ്യത്ത് ആത്മഹത്യ ചെയ്തത് 122 മെഡിക്കൽ വിദ്യാർഥികൾ. ഇതിൽ 64 എംബിബിഎസ് വിദ്യാർഥികൾ. 9 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കേരളമാണ് പട്ടികയിൽ ആദ്യം. തൊട്ട് താഴെ തമിഴ്നാട്, 8 ആത്മഹത്യകൾ. അഞ്ച് ആത്മഹത്യകൾ വീതം കർണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഉണ്ടായി.
58 ബിരുദാനന്തര മെഡിക്കൽ വിദ്യാർഥികളാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ജീവിതവസാനിപ്പിച്ചത്. കർണാടക മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ 11 വീതവും ഗുജറാത്തിൽ 9 ഉം രാജസ്ഥാനിൽ 6 ഉം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ഒരു കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 153 എംബിബിഎസ് വിദ്യാർഥികളും 1,117 ബിരുദാനന്തര മെഡിക്കൽ വിദ്യാർഥികളും പഠനം പകുതിയിൽ ഉപേക്ഷിച്ചു. കൊഴിഞ്ഞു പോക്ക് കൂടുതൽ മഹാരാഷ്ട്രയിലും കർണാടകയിലും.
പഠനഭാരം, ജോലിഭാരം, ഉത്കണ്ഠ, പിന്തുണക്കുറവ്, ജീവിതസാഹചര്യങ്ങൾ തുടങ്ങിയവയാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത് എന്നും മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന വിദ്യാർഥികൾക്ക് പിന്തുണയും സംരക്ഷണവും അടിയന്തരമായി നൽകേണ്ടതുണ്ടെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുള്ളത്. പരിഹാര നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് മെയ് 31നകം ടാക്സ് ഫോഴ്സ് എൻഎംസിക്ക് സമർപ്പിക്കും.
Suicide of medical students is more in Kerala