പാലക്കാട് മലമ്പുഴ കൊട്ടേക്കാടിന് സമീപം ട്രെയിൻ തട്ടി കാട്ടാനയ്ക്ക് പരുക്കേറ്റു. രാത്രിയിലാണ് ജനവാസമേഖലയില്‍ ഇറങ്ങിയ ശേഷം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ പിടിയാനയ്ക്ക് പിൻകാലിന് പരുക്കേറ്റത്. വനത്തിലൂടെ നീങ്ങി കഞ്ചിക്കോട് മലമ്പുഴ റോഡ് മുറിച്ച് കടന്ന ആന വനാതിര്‍ത്തിയില്‍ തുടരുന്നുണ്ട്. ആനയ്ക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കിയതിനൊപ്പം ചികില്‍സ നല്‍കുന്നതിനുള്ള ശ്രമം തുടങ്ങിയതായും പാലക്കാട് ഡി.എഫ്.ഒ അറിയിച്ചു.

രാത്രിയില്‍ കുടിവെള്ളം തേടി ജനവാസമേഖലയില്‍ ഇറങ്ങി തിരികെ ട്രാക്ക് മറികടന്ന് വനത്തിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയാനയെ ട്രെയിന്‍ ഇടിച്ചത്. പിന്‍കാലിന് ക്ഷതമേറ്റു. ചിന്നം വിളിച്ച് കൂടെയുണ്ടായിരുന്ന ആനക്കൂട്ടം ട്രാക്കിനോട് ചേര്‍ന്ന് നിലയുറപ്പിച്ചു. വനപാലകരെത്തിയതിന് പിന്നാലെ ആനക്കൂട്ടം കാട്ടിലേക്ക് മാറി. പിടിയാന ജനവാസമേഖലയിലേക്കിറങ്ങാതെ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു. പരുക്കേറ്റ കാലുമായി നടന്ന് നീങ്ങിയ ആന റോഡ് മുറിച്ച് കടന്ന് ആരക്കോട് ഭാഗത്തെ വനത്തിലേക്ക് മാറി. സമീപത്തെ കുളം ലക്ഷ്യമാക്കിയാണ് ആന നീങ്ങിയത്. ടാങ്കറില്‍ വെള്ളമെത്തിച്ച് ജലലഭ്യത ഉറപ്പാക്കുമെന്നും ആരോഗ്യ സ്ഥിതിയില്‍ ആശങ്ക വേണ്ടെന്നും ഡിഎഫ്ഒ.

പിന്‍കാലിനേറ്റ ക്ഷതം ഗുരുതരമല്ലെന്നാണ് വനംവകുപ്പ് നിഗമനം. ക്ഷീണം മാറാനുള്ള മരുന്നുകള്‍ക്കൊപ്പം വേദനസംഹാരി കൂടി നല്‍കുന്നതിനാണ് ശ്രമം. ആര്‍ആര്‍ടി സംഘവും കൂടുതല്‍ വനപാലകരും സ്ഥലത്തുണ്ട്. കഞ്ചിക്കോട് മലമ്പുഴ റോ‍ഡില്‍ ഗതാഗതം നിയന്ത്രിച്ചാണ് ആനയെ സ്വതന്ത്രമായി വനത്തിലേക്ക് മാറാന്‍ വഴിയൊരുക്കിയത്. 

Wild elephant injured in train accident