ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐയ്ക്ക് ലഭിച്ചത് 3,400 വ്യാജ അപേക്ഷകള്‍. വ്യാജ അപേക്ഷകരില്‍ ഷാറൂഖ് ഖാന്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുണ്ട്. 

രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയാകാന്‍ അപേക്ഷിച്ചവരെ കണ്ടെ ഞെട്ടിയിരിക്കുകയാണ് ബിസിസിഐ. ഷാറൂഖ് ഖാന്‍, നരേന്ദ്ര മോദി, അമിത് ഷാ, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, എം.എസ്. ധോണി ഇങ്ങനെപോകുന്നു പരിശീലകസ്ഥാനം മോഹിക്കുന്നവര്‍. എന്തിന് മുംബൈയിലെ തെരുവില്‍ ക്രിക്കറ്റ് കളിച്ച് പരിചയമുള്ളവര്‍ വരെ അപേക്ഷിച്ചിട്ടുണ്ട്. ബിസിസിഐ വെബ്സൈറ്റില്‍ നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്ത് ആര്‍ക്കുവേണമെങ്കിലും പരീശീലകസ്ഥാനത്തേക്ക് അപേക്ഷിക്കാമെന്നതാണ് ഇത്രയേറെ വ്യാജ അപേക്ഷകള്‍ ലഭിക്കാന്‍ കാരണം. 

കഴിഞ്ഞതവണ രണ്ടായിരത്തിലേറെ വ്യാജ അപേക്ഷകളാണ് ലഭിച്ചത്.  30 ടെസ്റ്റ് മല്‍സരങ്ങളും 50 ഏകദിന മല്‍സരങ്ങളും കളിച്ചിരിക്കണമെന്നാണ് പരിശീലകനാകാനുള്ള യോഗ്യത. അതല്ലെങ്കില്‍ ടെസ്റ്റ് പദവിയുള്ള  ടീമിനെ രണ്ടുവര്‍ഷക്കാലം പരിശീലിപ്പിച്ചിരിക്കണം. ഇന്നലെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.