തെലങ്കാനയിലെ മേദക്കിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വർഗീയസംഘർഷത്തെ തുടർന്ന് നിരോധനാജ്ഞ.ഘോഷാമഹൽ എംഎൽഎയും തീവ്ര പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ആളുമായ രാജാ സിംഗ് അടക്കം 13 ബിജെപി, യുവമോർച്ച നേതാക്കൾ അറസ്റ്റിലായി. പശുക്കടത്ത് ആരോപിച്ച് കഴിഞ്ഞ ദിവസം ആറ് യുവാക്കൾക്ക് നേരെ അതിക്രൂരമായ ആക്രമണം നടന്നിരുന്നു. ബിജെപിയുടെയും തീവ്രഹിന്ദുസംഘടനകളുടെയും പ്രവർത്തകരാണ് പശുക്കളുമായി പോകുകയായിരുന്ന വാഹനം ആക്രമിച്ചത്. ഇതിൽ ഒരാളെ ചികിത്സയ്ക്കായി  പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയ്ക്ക് നേരെയും ആക്രമണമുണ്ടായി.

ഇരുന്നൂറിലധികം വരുന്ന അക്രമിസംഘം ആശുപത്രി പൂർണമായി തല്ലിത്തകർത്തു. ഇവരെ ചികിത്സിച്ച ‍ഡോക്ടറുടെ  വാഹനവും അടിച്ച് തകർത്തു.ആശുപത്രിയിൽ വരുന്നവരുടെ മതമേത് എന്ന് നോക്കിയല്ല ചികിത്സയെന്നു പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ ഡോക്ടറുടെ ദൃശ്യങ്ങൾ വൻതോതിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

തുടർന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി  നഗരത്തിൽ വ്യാപകമായി ഒരു വിഭാഗത്തിന്‍റെ കടകൾ തല്ലിത്തകർത്തു. ഇതിന് നേതൃത്വം നൽകിയ ബിജെപി മേദക് ജില്ലാധ്യക്ഷൻ ഗദ്ദം ശ്രീനിവാസടക്കം 13 നേതാക്കളെയും അറസ്റ്റ് ചെയ്തു. ഇവരെ കാണാനായി ഹൈദരാബാദിൽ നിന്ന് എത്തിയപ്പോളാണ് എംഎൽഎ രാജാ സിംഗിനെ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്ത് പൊലീസ് തിരിച്ചയച്ചത്. നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ നഗരത്തിൽ വൻ തോതിൽ പോലീസിനെ വിന്യസിച്ചു. 

Violence over cow transport in Telengana Medak:

In Medak, Telangana, a ban was imposed following communal clashes between the two groups. 13 BJP and Yuva Morcha leaders, including Raja Singh, were arrested. Clash happened over alleging cow transport and slaughter.