karwar-sp

കർണാടക ഷിരിരൂരിൽ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്തണമേയെന്ന പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് മലയാളികള്‍. ഇതിനിടെ ഇന്നലെ ഷിരൂരിലെ മണ്ണിടിച്ചില്‍ മേഖലയില്‍ ലോറി ഉടമ മനാഫിന് നേരെ കയ്യേറ്റം ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രായേലിയെ എത്തിച്ചത് സംബന്ധിച്ച് തര്‍ക്കത്തെ തുടര്‍ന്നാണ് കാര്‍വാര്‍ എസ്.പി മനാഫിന്റെ മുഖത്തടിച്ചതും പിടിച്ചുതള്ളിയതും. ഇതിന് പിന്നാലെ തിരച്ചില്‍ നടക്കുന്നയിടത്ത് നിന്നുള്ള സെല്‍ഫി കാര്‍വാര്‍ എസ്പി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കാര്‍വാര്‍ എസ്പിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് താഴെ മലയാളികള്‍ കമന്‍റുകളുമായി എത്തിയിരിക്കുകയാണ്. 

 

മനുഷ്യനാവടാ ആദ്യം, എന്ന് തുടങ്ങി നിരവധി കമന്‍റുകളാണ് ഫോട്ടോയ്ക്ക് താഴെയായി വരുന്നത്. സേവ്അര്‍ജുന്‍ ഹാഷ്ടാഗും ട്രെന്‍ഡിങ്ങായിട്ടുണ്ട്. രാജ്യത്ത് സംഭവിച്ച ദുരിത മുഖങ്ങളില്‍ ജീവന്‍ പണയംവച്ച് എത്തുന്ന രക്ഷാപ്രവര്‍ത്തകനാണ് രഞ്ജിത്ത് ഇസ്രയേല്‍. തിരുവനന്തപുരം വിതുര ഗോകില്‍ എസ്‌റ്റേറ്റില്‍ ജോര്‍ജ് ജോസഫ്-ഐവ ജോര്‍ജ് ദമ്പതികളുടെ മകനാണ് 33കാരനായ രഞ്ജിത്ത്. രാജ്യം നേരിട്ട പല ദേശീയ ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തകനായി ദ്രുതകര്‍മ്മ സേനയ്ക്കൊപ്പം രഞ്ജിത്ത് ഉണ്ടായിരുന്നു. ദുരന്തഭൂമിയില്‍ രക്ഷാദൗത്യവുമായി ആദ്യമെത്തുന്ന സിവിലിയനാണ് രഞ്ജിത്. ഈ രഞ്ജിത്തിനെ എത്തിച്ചതിന്‍റെ പേരിലാണ് ലോറി ഉടമ മനാഫിന് നേരെ കയ്യേറ്റം ഉണ്ടായതും കാര്‍വാര്‍ എസ്.പി മനാഫിന്റെ മുഖത്തടിച്ചതും പിടിച്ചുതള്ളിയതും. 

2013ല്‍ ഉത്തരാഖണ്ഡില്‍ നടന്ന മേഘ വിസ്‌ഫോടനം, 2018ല്‍ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍, 2020ലെ ഇടുക്കി പെട്ടിമുടി ഉരുള്‍പൊട്ടല്‍, 2021ല്‍ ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവന്‍ ടണല്‍ ദുരന്തത്തിലും, കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉത്തരാഖണ്ഡിലെ ചാർധാം തീർഥാടന പാതയിലെ തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിലും മലയാളിയായ രഞ്ജിത്ത് ഇസ്രായേല്‍ പങ്കാളിയായിരുന്നു. പ്രതിഫലം ഒന്നുമില്ലാത്ത അദ്ദേഹത്തിന്റെ സേവനം. മൂന്നു തവണ ജൂനിയർ മിസ്റ്റർ തിരുവനന്തപുരം ആയിരുന്നു രഞ്ജിത്ത്. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജീവൻ രക്ഷാ സാങ്കേതിക വിദ്യകൾ, മലകയറ്റം, വനത്തെ അതിജീവിക്കുന്ന സാങ്കേതിക വിദ്യകൾ എന്നിവയിൽ പരിശീലനവും നേടിയിട്ടുണ്ട്. 

 

അതേസമയം, ആറു ദിവസമായി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് സൈന്യമെത്തും. ബെലഗാവിയില്‍നിന്നുള്ള 60 അംഗ സംഘം പ്രദേശത്തെത്തി തിരച്ചിലിന്റെ ഭാഗമാകും. തിരച്ചിലിന് സൈന്യത്തെ വിളിക്കണമെന്ന് അര്‍ജുന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

ഐഎസ്ആര്‍ഒയുടെ സഹായവും കര്‍ണാടക സര്‍ക്കാര്‍ തേടിയിട്ടുണ്ട്. അപകടസമയത്തെ ഉപഗ്രഹ ദൃശ്യങ്ങള്‍ ലഭ്യമാക്കാനുള്ള സാധ്യതയാണ് തേടിയത്. ഷിരൂരിലെ അപകടസമയത്തെ ഉപഗ്രഹചിത്രങ്ങള്‍ ലഭ്യമാക്കുമെന്ന് ഡോ.എസ്.സോമനാഥ് അറിയിച്ചു. കെ.സി വേണുഗോപാല്‍ എം.പി ഐ.എസ്.ആര്‍.ഒ ചെയര്‍മാനുമായി സംസാരിച്ചതിനെത്തുടര്‍ന്നാണ് നടപടി. അർജുൻ എവിടെയെന്ന ചോദ്യത്തിന് ഇന്ന് ഉത്തരം ഉണ്ടാകും എന്ന് ഷിരിരൂരിൽ എകോപന ചുമതലയുള്ള കാസര്‍കോട് ഡി.വൈ.എസ്.പി പ്രേം സദൻ പറഞ്ഞു.

 

അർജുന്റെ രക്ഷാപ്രവർത്തനത്തിൽ കർണാടകയുടേത് അലംഭാവമെന്ന് ആരോപിച്ച് കോഴിക്കോട് കണ്ണാടിക്കലിൽ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. അരമണിക്കൂറോളം നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി.വസീഫും, എംഎൽഎമാരായ ലിന്റോ ജോസഫും, സച്ചിൻ ദേവും പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിരുന്നു.

 

ഇന്നലെ റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ലഭിച്ച സിഗ്നൽ കേന്ദ്രീകരിച്ചാണ് ഇന്നത്തെ രക്ഷാപ്രവർത്തനമെന്ന് ഷിരൂർ ദൗത്യസംഘത്തിൽ ഉൾപ്പെട്ട രഞ്ജിത്ത് ഇസ്രായേലി മനോരമ ന്യൂസിനോട് പറഞ്ഞു. രാത്രിയിൽ തന്നെ സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് നിന്ന് മണ്ണ് നീക്കം ചെയ്ത് തുടങ്ങി. മണ്ണ് നീക്കം ചെയ്യുന്നതിനനുസരിച്ച് മണ്ണിടിയാനുള്ള സാധ്യതയുമുണ്ട്. ലോറിയാണെന്ന് ഉറപ്പാക്കാവുന്ന സിഗ്നൽ ഇതുവരെ ലഭിച്ചിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു.