അര്‍ജുന്റെ ലോറി ഗംഗാവലിപ്പുഴയുടെ കരയില്‍ നിന്ന് ഇരുപത് മീറ്റര്‍ അകലെ, 15 അടി താഴ്ചയിലാണ്. ഇനി ദൗത്യം ഇങ്ങനെ. കുത്തൊഴുക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ചുനിര്‍ത്താന്‍ നേവിയുടെ ആദ്യശ്രമം. ലോക്ക് ചെയ്തതിന് ശേഷം ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങും. ലോറി കണ്ടെത്തിയ സ്ഥലം കൃത്യമായി പോയിന്റ് ചെയ്തെന്ന് ജില്ലാഭരണകൂടം അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ലോറിയുള്ളത് കരയ്ക്കും മണ്‍കൂനയ്ക്കും ഇടയിലെന്നും വിവരം. ജില്ലാ പൊലീസ് മേധാവിയും കാര്‍വാര്‍ എം.എല്‍.എയും നേവി ബോട്ടില്‍ പുഴയില്‍ തിരച്ചില്‍ നടത്തുകയാണ്. ഷിരൂരില്‍ രക്ഷാദൗത്യത്തിന് വെല്ലുവിളിയായി കനത്ത മഴയും കാറ്റുമാണ്. മുങ്ങല്‍ വിദഗ്ധര്‍ക്ക് നദിയില്‍ ഇറങ്ങാനായില്ല, ജലനിരപ്പും വെല്ലുവിളിയാണ്. നാവികസേനാ സംഘം തല്‍ക്കാലം കരയിലേക്ക് മടങ്ങി.
മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയതോടെ തിരച്ചില്‍ ലക്ഷ്യത്തിലേക്കടുത്തു. ഏറ്റവും ഒടുവില്‍ എത്തിച്ച വലിയ ബൂം എസ്കവേറ്റര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനുപിന്നാലെയാണ് ട്രക്കിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം ഇതോടെ തീവ്രമാക്കിയെങ്കിലും കാലാവസ്ഥ വലിയ തടസം സൃഷ്ടിക്കുകയാണ്. ലോറി പുഴയില്‍ നിന്ന് എടുക്കുക എന്നത് അത്യന്തം ശ്രമകരമായ ജോലിയാണ്. ഇതിനുള്ള സാഹചര്യം പരിശോധിക്കാന്‍ മൂന്ന് ബോട്ടുകളില്‍ നാവികസേനാംഗങ്ങള്‍ സ്ഥലത്തേക്ക് നീങ്ങിയെങ്കിലും കനത്ത ഒഴുക്കുകാരണം അവര്‍ക്ക് മുന്നോട്ടുപോകാനായില്ല.
കനത്ത മഴയില്‍ ഗംഗാവലി പുഴ കുത്തിയൊഴുകുകയാണ്. നല്ല അടിയൊഴുക്കുള്ള പ്രദേശം കൂടിയാണിതെന്ന് സമീപവാസികള്‍ പറയുന്നു. അത്യാധുനിക ഉപകരണങ്ങളുമായാണ് നാവികസേനാംഗങ്ങള്‍ റബര്‍ ബോട്ടുകളില്‍ പുഴയിലേക്ക് ഇറങ്ങിയതെങ്കിലും ദൗത്യം കാലാവസ്ഥ വിലങ്ങുതടിയായി. പുഴയ്ക്ക് മുപ്പതടിയോളം ആഴമുണ്ട്. പരിശീലനം സിദ്ധിച്ച ഡൈവര്‍മാരാണെങ്കിലും ഈ സാഹചര്യത്തില്‍ ആഴത്തില്‍ ഇറങ്ങി പരിശോധിക്കുക വെല്ലുവിളിയാണ്.