പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഇറാഖിലെ ബാഗ്ദാദില്‍ നിന്നും ചൈനയിലെ ഗ്വാങ്ചൗവിലേക്കുള്ള യാത്രയ്ക്കിടെ പതിനാറുകാരിക്ക് ദാരുണാന്ത്യം. വിമാനയാത്രയ്ക്കിടെ പെണ്‍കുട്ടി കുഴഞ്ഞുവീണതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി കൊല്‍ക്കത്തയില്‍ ഇറക്കി. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇറാഖിലെ സാര്‍ ചിനാര്‍ സ്വദേശിയാണ് മരിച്ച പെണ്‍കുട്ടി. 

100 യാത്രക്കാരും ജീവനക്കാരുമാണ് IA-473  എന്ന വിമാനത്തിലുണ്ടായിരുന്നത്. ബുധനാഴ്ച രാത്രി 10.18ഓടെയായിരുന്നു വിമാനം അടിയന്തരമായി നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കിയത്. പൈലറ്റിന്‍റെ സന്ദേശം ലഭിച്ചതിന് പിന്നാലെ തന്നെ വൈദ്യസംഘത്തെ വിമാനത്താവളത്തില്‍ സജ്ജമാക്കിയിരുന്നുവെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വക്താവ് ദേരന്‍ സാമിര്‍ അറിയിച്ചു. മറ്റ് യാത്രക്കാരുമായി വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ 1.49 ഓടെ ഗ്വാങ്ചോയിലേക്ക് തിരിച്ചു. 

വിമാനത്താവളത്തില്‍ വച്ച് തന്നെ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ കുട്ടിക്ക് നാഡിമിടിപ്പോ, ഹൃദയമിടിപ്പോ ഉണ്ടായിരുന്നില്ല. ഇതോടെ മരണം സ്ഥിരീകരിക്കുന്നതിനായി ഏറ്റവുമടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെയും വിമാനത്തില്‍ നിന്നിറക്കി ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. 

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പെണ്‍കുട്ടിയുടെ കുടുംബത്തിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന മാതാപിതാക്കള്‍ക്ക് അവരുടെ മാതൃഭാഷയല്ലാതെ ഇംഗ്ലിഷോ മറ്റ് ഭാഷകളോ വശമില്ലാതിരുന്നതിനെ തുടര്‍ന്ന് ആദ്യം കുറച്ച് ബുദ്ധിമുട്ടുകളുണ്ടായെന്നും എന്നാല്‍ ദ്വിഭാഷിയുടെ സഹായത്തോടെ ഇത് അതിവേഗത്തില്‍ പരിഹരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. 

ENGLISH SUMMARY:

An Iraqi Airways flight from Baghdad to Guangzhou in China made a medical emergency landing at the Kolkata airport after a passenger on board dies.