ശാസ്ത്രഗവേഷണത്തിനായി നല്‍കുന്ന ഫെല്ലോഷിപ്പുകളും ഗ്രാന്‍ഡുകളും സ്കോളര്‍ഷിപ്പുകളും വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കൗണ്‍സില്‍ ഓഫ് സൈന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്. 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം പകുതിയിലേറെ തുകയാണ് കുറഞ്ഞത്. പാര്‍ലമെന്‍റില്‍ വി.ശിവദാസന്‍ എം.പിയുടെ ചോദ്യത്തിന് മന്ത്രി ജിതേന്ദ്ര സിങ് നല്‍കിയ മറുപടിയിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഗവേഷണത്തിന് തയാറെടുക്കുന്ന സയൻസ് വിദ്യാർത്ഥികള്‍ക്ക് ഏറെ സഹായകരമാണ് സി.എസ്.ഐ.ആര്‍ ഫെല്ലോഷിപ്പും ഗ്രാന്‍ഡും. യു.ജി.സി. നെറ്റ് പരീക്ഷവഴി ലഭിക്കുന്ന ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പുകളുടെ എണ്ണം 2019 ല്‍ 4662 ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം 2646 ആയി കുറഞ്ഞു. നെഹ്‌റു സയൻസ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് കഴിഞ്ഞ അഞ്ചുവര്‍ഷമായും ശ്യാമപ്രസാദ് മുഖര്‍ജി ഫെലോഷിപ്പുകള്‍ 2022 മുതലും നല്‍കിയിട്ടില്ല. സിമ്പോസിയങ്ങൾ നടത്താനുള്ള ഫണ്ടിലും വന്‍ കുറവ് വരുത്തി.
2019 ൽ സിമ്പോസിയങ്ങൾക്ക് നൽകിയത് 2 കോടി 22 ലക്ഷം രൂപയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം തുക 95 ലക്ഷമായി. ട്രാവൽ ഗ്രാന്റ് ഇനത്തിൽ ഗവേഷകർക്ക് ലഭിച്ചിരുന്ന തുക 3.25 കോടിയില്‍നിന്ന് 1.37 കോടിയായി കുറഞ്ഞു. ഗവേഷണമാസികകൾക്ക് ജേർണൽ ഗ്രാന്റ് ഇനത്തിൽ കഴിഞ്ഞ 5 വർഷമായി ഒരു രൂപ പോലും നൽകിയിട്ടില്ലെന്നും കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് രാജ്യസഭയില്‍ വ്യക്തമാക്കി. ശാസ്ത്രഗവേഷണ രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് തിരിച്ചടിയാണ് സ്കോളര്‍ഷിപ്പുകളിലെ കുറവ്.