കോടികള്‍ വിലയുള്ള വിഗ്രഹം തിരിച്ചുപിടിച്ച് തമിഴ്നാട് പൊലീസ്. ലണ്ടനിലുള്ള തിരുമങ്കയ് ആഴ്‌വാര്‍ വെങ്കലവിഗ്രഹം ആണ് തിരിച്ചെത്തിക്കുന്നത്. തഞ്ചാവൂര്‍ ജില്ലയിലെ സൗന്ദരരാജ പെരുമാള്‍ ക്ഷേത്രത്തിലെ വിഗ്രഹമാണ് ഇത്. 1950നും 1967നും ഇടയില്‍ മോഷണം പോയ നാല് വിഗ്രഹങ്ങളിലൊന്നാണ്. ഇത് പിന്നീട് വിദേശത്തേക്ക് കടത്തുകയായിരുന്നു.
ഓക്സ്ഫഡ് സര്‍വകലാശാലയുടെ മ്യൂസിയത്തിലാണ് വിഗ്രഹം ഇപ്പോഴുള്ളത്. 1967–ല്‍ മ്യൂസിയം വിഗ്രഹം സ്വന്തമാക്കിയെന്നാണ് രേഖകള്‍ . 2020–ലാണ് വിഗ്രഹങ്ങള്‍ മോഷ്ടിച്ചതായി കണ്ടെത്തി കേസെടുത്തത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഇത് ലണ്ടനിലുള്ളതായി കണ്ടെത്തി. സര്‍വകലാശാലയ്ക്ക് പൊലീസ് തെളിവുകള്‍ കൈമാറിയതോടെ ലണ്ടനില്‍ നിന്നുള്ള സംഘം തമിഴ്നാട്ടിലെത്തി പരിശോധന നടത്തി. ഇതോടെ ആരാധനയ്ക്കായി വിഗ്രഹം വിട്ടുനല്‍കാമെന്ന് ഇന്ന് സര്‍വകലാശാല പൊലീസിനെ അറിയിച്ചു. വിഗ്രഹം തിരിച്ചെത്തിക്കാനുള്ള ചെലവും സര്‍വകലാശാല വഹിക്കും. ഒരുമാസത്തിനകം വിഗ്രഹം വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.