സമൂഹമാധ്യമങ്ങളിലൂടെ വൈറലാകാന്‍ ഇന്‍ഫ്ലുവന്‍സേഴ്സ് പല വഴിയും സ്വീകരിക്കാറുണ്ട്. വൈറലാകുന്നതിനൊപ്പം രൂക്ഷ വിമര്‍ശനം കൂടി അത്തരത്തില്‍ ചില 'ചലഞ്ചു'കള്‍ ഏറ്റുവാങ്ങുന്നതും പതിവാണ്. യാചകനായി ചമഞ്ഞ് 24 മണിക്കൂര്‍ 'ഭിക്ഷയെടുക്കല്‍ ചലഞ്ച്' നടത്തിയാണ് കൊല്‍ക്കത്തക്കാരന്‍ യുവാവ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായത്.
പിഞ്ഞിക്കീറിയ ബനിയന്‍ ധരിച്ച് തെരുവിലിരുന്ന് ഭിക്ഷയെടുത്തായിരുന്നു പാന്ത ദേബ് എന്ന യുവാവിന്‍റെ വിഡിയോ. പാലത്തിന് താഴെ ഒരുപാത്രവുമായി ഇരിപ്പുറപ്പിച്ച യുവാവിന് വഴി നടന്നു പോകുന്ന ചിലരൊക്കെ പണം നല്‍കി. മറ്റുള്ളവര്‍ അവഗണിച്ചും കടന്നു പോയി. ആളുകള്‍ക്ക് യുവാവിനോടുള്ള മനോഭാവവും യുവാവ് വിഡിയോയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. ചലഞ്ച് അവസാനിച്ചതിന് പിന്നാലെ വീടില്ലാതെ തെരുവില്‍ കഴിയുന്ന പ്രായമായ ഒരു സ്ത്രീക്ക് പണമെല്ലാം നല്‍കിയാണ് പാന്ത മടങ്ങിയത്.
സമ്മിശ്ര പ്രതികരണമാണ് പാന്തയുടെ വിഡിയോയ്ക്ക് ചുവടെ നിറയുന്നത്. വൈറലാകാന്‍ ഇത്ര വേഷം കെട്ടേണ്ടതില്ലെന്ന് ചിലര്‍ കുറിച്ചപ്പോള്‍, പണം പ്രായമായ സ്ത്രീക്ക് നല്‍കിയത് നന്നായെന്നായിരുന്നു മറ്റു ചിലരുടെ കമന്‍റ്. പുത്തന്‍ സ്റ്റാര്‍ട്ട് അപ് ഐഡിയയാണല്ലോയെന്നും ഉള്ള സമയം പ്രയോജനപ്രദമായ എന്തെങ്കിലും ചെയ്തുകൂടേയെന്നും മറ്റൊരാളും കുറിച്ചു.
'തൊഴിലില്ലായ്മയുടെ പരകോടി' എന്നായിരുന്നു മറ്റൊരു വിരുതന്‍റെ കമന്‍റ്. വെറും 2500 ഫോളോവേഴ്സ് മാത്രമാണ് പാന്തയ്ക്കുള്ളതെന്നും ഇന്‍സ്റ്റയില്‍ പങ്കുവച്ചിരിക്കുന്ന വിഡിയോകളത്രയും സമാനമായി ആളുകളെ കളിയാക്കുന്നതും തമാശ നിറഞ്ഞ സംഭവങ്ങളുമാണെന്നും ചിലര്‍ചൂണ്ടിക്കാട്ടുന്നു. എത്ര രൂപയാണ് പാന്തയ്ക്ക് 'തെണ്ടല്‍' ചലഞ്ചിലൂടെ കിട്ടിയതെന്ന് പക്ഷേ വെളിപ്പെടുത്തിയിട്ടില്ല.