മുംബൈ കുർള റെയിൽവേ സ്റ്റേഷനടുത്ത് എസ്.ജി.ബാർവെ മാർഗിൽ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടമുണ്ടാക്കിയ ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അപകടത്തിന് ശേഷം തകർന്ന ജനാലയിലൂടെ പരിഭ്രാന്തരായ യാത്രക്കാര്‍ പുറത്തേക്ക് ചാടുന്നതിന്‍റെയും യാത്രക്കാര്‍ക്കു ശേഷം രണ്ട് ബാഗുകളുമായി ഡ്രൈവർ സഞ്ജയ് മോർ പുറത്തേക്ക് ചാടുന്നതിന്‍റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ആദ്യ വാഹനത്തിൽ ഇടിച്ചതിന് ശേഷം 300 മീറ്ററോളം സഞ്ചരിച്ചാണ് ബസ് നിന്നത്. 50-60 വാഹനങ്ങളെ ബസ് ഇടിച്ചതായി പൊലീസ് പറഞ്ഞിരുന്നു. ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ യാത്രക്കാർ തൂണുകളിലും ഹാൻഡിലുകളിലും മുറുകെ പിടിച്ചിരിക്കുന്നതും പരിഭ്രാന്തരാകുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബസ് നിർത്തിയതിന് തൊട്ടുപിന്നാലെ യാത്രക്കാർ വാതിലുകളിലൂടെ ഇറങ്ങാന്‍ തിരക്കുകൂട്ടി. ഇതിനിടെ ചിലര്‍ തകർന്ന ജനാലകള്‍ വഴി പുറത്തേക്കു ചാടി. പിന്നാലെ ഡ്രൈവര്‍ സഞ്ജയ് മോർ എഴുന്നേറ്റ് ക്യാബിനിലേക്ക് നീങ്ങുന്നതും രണ്ട് ബാഗുകള്‍ എടുത്ത് ബസിന്‍റെ ഇടതുവശത്തുള്ള തകർന്ന ജനാലയിലൂടെ ചാടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ ബസ് കണ്ടക്ടർ പിൻവശത്തെ വാതിലിലൂടെ ഇറങ്ങുകയും ചെയ്തു.
കുർള വെസ്റ്റിൽ തിങ്കളാഴ്ച രാത്രി 9.50നാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ 7 പേര്‍ മരിച്ചു. 49 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് പൊലീസുകാര്‍ക്കും പരുക്കേറ്റിരുന്നു. സംഭവത്തില്‍ ഡ്രൈവർ സഞ്ജയ് മോറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നഃപൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ്. ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ ഡ്രൈവറെ ഡിസംബർ 21 വരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ബസിന് സാങ്കേതിക തകരാർ ഇല്ലെന്നാണ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ പൊലീസിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം തനിക്ക് ഓട്ടോമാറ്റിക് ട്രാൻസ്മിഷന്‍ ബസുകള്‍ ഉപയോഗിക്കാന്‍ വശമില്ലെന്നും മുന്‍പ് മാനുവൽ ട്രാൻസ്മിഷൻ ബസുകളാണ് ഓടിച്ചിരുന്നതെന്നും ബസ് ഓടിച്ചിരുന്ന സഞ്ജയ് മോർ പൊലീസിന് മൊഴി നല്‍കിയിരുന്നു. മൂന്ന് റൗണ്ട് പരിശീലനം മാത്രമാണ് തനിക്ക് ലഭിച്ചതെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. മാനുവലിൽ നിന്ന് ഇ-ബസുകളിലേക്ക് പോകുന്ന ഡ്രൈവർമാർ ആറാഴ്ചത്തെ റിഫ്രഷറിന് വിധേയരാകണമെന്ന് ആവശ്യപ്പെടുന്ന ബെസ്റ്റിൻ്റെ ഇൻ്റേണൽ സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയറിന് (എസ്ഒപി) വിരുദ്ധമാണിത്.
അതേസമയം, കുർള അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ഡ്രൈവർമാർക്കും ബ്രീത്ത് അനലൈസർ ടെസ്റ്റ് നിർബന്ധമാക്കുമെന്ന് മുംബൈ നഗരഗതാഗത ചുമതലയുള്ള ബെസ്റ്റ് അറിയിച്ചു. ഡ്രൈവർമാർക്ക് നൽകുന്ന പരിശീലനം, അവരുടെ നിയമന മാനദണ്ഡങ്ങൾ, പരിശീലന അടിസ്ഥാന സൗകര്യങ്ങൾ, മൊഡ്യൂളുകൾ എന്നിവയുടെ വിശദാംശങ്ങൾ നൽകാനും യോഗങ്ങളിൽ ഉദ്യോഗസ്ഥർ സ്വകാര്യ ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്തു. അപകടത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബെസ്റ്റിനോട് മോട്ടോര്‍ വാഹനവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.