ഇപിഎഫ് (എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട്) അംഗങ്ങള്‍ക്ക് പണം പിന്‍വലിക്കാന്‍ എടിഎം കാര്‍ഡ് വരുന്നു. ഇപിഎഫ്ഒയുടെ ഐടി സംവിധാനത്തിന്‍റെ റീലോഞ്ച് (EPFO 3.0) പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇത് നടപ്പാക്കും. 2025 ജൂണില്‍ ഈ സൗകര്യം പ്രാബല്യത്തില്‍ വരുത്താനാണ് ഇപിഎഫ്ഒ നീക്കം. എടിഎം കാര്‍ഡിന് സമാനമായ കാര്‍ഡ് അംഗങ്ങള്‍ക്ക് ലഭ്യമാക്കും. പണം പിന്‍വലിക്കുന്നതിന് പരിധിയുണ്ടാകും. ഇക്കാര്യങ്ങളില്‍ അന്തിമതീരുമാനം വൈകാതെ ഉണ്ടാകുമെന്ന് ഇപിഎഫ്ഒയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പിഎഫ് ക്ലെയിമുകള്‍ക്കുള്ള അപേക്ഷകള്‍ നിരസിക്കപ്പെടുന്നതുമായി ബന്ധപ്പെട്ടുയരുന്ന പരാതികള്‍ കണക്കിലെടുത്താണ് പുതിയ നീക്കം. സ്വന്തം പണം പിന്‍വലിക്കാന്‍ അംഗങ്ങള്‍ എന്തിന് ഇത്രയേറെ പ്രയാസങ്ങള്‍ അഭിമുഖീകരിക്കണമെന്ന ചോദ്യത്തിനുള്ള പരിഹാരമാണ് ഇതെന്ന് ഇപിഎഫ്ഒ അധികൃതര്‍ പറയുന്നു. പണം പിന്‍വലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഒറ്റത്തവണ പരമാവധി 50 ശതമാനം പരിധി വച്ചേക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ തീരുമാനമായിക്കഴിഞ്ഞാല്‍ പണം പിന്‍വലിക്കുന്നതിന് പ്രത്യേകം അപേക്ഷ നല്‍കേണ്ടി വരില്ല. കാര്‍ഡ‍് സ്വൈപ് ചെയ്താല്‍ മതി.

എംപ്ലോയീസ് പെന്‍ഷന്‍ സ്കീമിന്‍റെ നടപടിക്രമങ്ങളും ഉദാരമാക്കാന്‍ ഇപിഎഫ്ഒ നീക്കമുണ്ട്. ഇപ്പോള്‍ അടിസ്ഥാനശമ്പളത്തിന്‍റെ 12 ശതമാനമാണ് തൊഴിലാളിയും തൊഴിലുടമയും ഇപിഎസില്‍ അടയ്ക്കുന്നത്. തൊഴിലാളിയുടെ വിഹിതം പൂര്‍ണമായും ഇപിഎഫിലേക്കും തൊഴിലുടമയുടെ വിഹിതത്തില്‍ 8.33 ശതമാനം പെന്‍ഷന്‍ സ്കീമിലേക്കുമാണ് പോകുന്നത്. തൊഴിലുടമയുടെ വിഹിതത്തില്‍ 3.67 ശതമാനം ഇപിഎഫിലും അടയ്ക്കും. ഇതില്‍ തൊഴിലാളിയുടെ വിഹിതം എത്രവേണമെന്ന് അവര്‍ക്കുതന്നെ തീരുമാനിക്കാവുന്ന രീതി വന്നേക്കും.

‘ചില തൊഴിലാളികള്‍ക്ക് 10 ശതമാനം വിഹിതം അടയ്ക്കാനേ താല്‍പര്യമുണ്ടാകൂ. ചിലര്‍ 15 ശതമാനം അടയ്ക്കാന്‍ തയാറായേക്കും. അങ്ങനെയുള്ളവരെ എന്തിന് 12 ശതമാനം എന്ന നിശ്ചിത വിഹിതം അടയ്ക്കാന്‍ നിര്‍ബന്ധിക്കണം? കുറച്ചുവര്‍ഷം അടച്ചശേഷം വിഹിതം നല്‍കുന്നത് നിര്‍ത്താന്‍ താല്‍പര്യപ്പെടുന്നവരുമുണ്ട്.’ ഈ ആവശ്യങ്ങളൊക്കെ പരിഗണിക്കേണ്ടതല്ലേയെന്നാണ് ഇപിഎഫ്ഒ ഉദ്യോഗസ്ഥരുടെ നിലപാട്.

ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നത് വേഗത്തിലാക്കാന്‍ ഇപിഎഫ്ഒ അടുത്തിടെ ഓട്ടമാറ്റിക് പ്രോസസിങ് സംവിധാനം നടപ്പാക്കിയിരുന്നു. വിദ്യാഭ്യാസം, വിവാഹം, വീടുവാങ്ങല്‍ എന്നീ ആവശ്യങ്ങള്‍ക്ക് ഒരുലക്ഷം രൂപവരെയുള്ള ക്ലെയിമുകളാണ് ഇത്തരത്തില്‍ അനുവദിച്ചിരുന്നത്. ഇപ്പോള്‍ 25 – 30 ശതമാനം ക്ലെയിമുകളും ഓട്ടമാറ്റിക് ആയാണ് സെറ്റില്‍ ചെയ്യുന്നതെന്നും അഴിമതി നിയന്ത്രിക്കാന്‍ ഇത് വളരെ സഹായകമായിട്ടുണ്ടെന്നും തൊഴില്‍ വകുപ്പും അവകാശപ്പെടുന്നു.

കേന്ദ്ര തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇപിഎം റിവ്യൂ മീറ്റിങ് ചേരുന്നു

ENGLISH SUMMARY:

EPFO (Employees' Provident Fund Organisation) plans to introduce an ATM-like card for PF withdrawals by June 2025 as part of its revamped IT system, EPFO 3.0. This initiative aims to simplify the withdrawal process and eliminate the need for separate applications. EPFO is also considering allowing employees to decide their contribution percentages to the PF and pension schemes, offering more flexibility. Additionally, automatic processing of claims, especially for education, marriage, and housing needs, has been implemented to expedite settlements and curb corruption.