നടൻ അല്ലു അർജുനെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി. താരമായാലും നിയമത്തിന് മുകളിലല്ല. ഭരണഘടനയും നിയമവും എല്ലാവർക്കും ഒരുപോലെ. ഒരു അമ്മയെ നഷ്ടപ്പെട്ട കുടുംബത്തോട് ആര് സമാധാനം പറയുമെന്നും തെലങ്കാന മുഖ്യമന്ത്രി ചോദിച്ചു. സർക്കാരിന്റെയും പൊലീസിന്റെയും ഉത്തരവാദിത്തമാണ് ചെയ്തത്. അല്ലു അർജുനുവേണ്ടി പ്രതിഷേധിക്കുന്നവർ നിയമം ലംഘിച്ചാൽ അവരെയും അറസ്റ്റ് ചെയ്യും. ഇന്ത്യ- പാക് അതിർത്തിയിൽ യുദ്ധത്തിന് പോയി മടങ്ങിവരുന്നതുപോലെയല്ലല്ലോ ഇതെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിൽ ഇംഗ്ലീഷ് വാർത്താ ചാനലിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രേവന്ത് റെഡ്ഡി.
അതേസമയം, പുഷ്പ –2വിന്റെ പ്രീമിയര്‍ ഷോക്കിടെ ഹൈദരാബാദിലെ തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് ആരാധിക മരിച്ച കേസില്‍ അറസ്റ്റിലായ സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കേസ് റദ്ദാക്കണെമന്ന ഹര്‍ജിയില്‍ അതിവേഗം വാദം കേട്ട തെലങ്കാന ഹൈക്കോടതിയാണ് നാലാഴ്ചത്തേക്ക് ജാമ്യം അനുവദിച്ചത്. രേഖകളില്‍ നിന്നു താരം തെറ്റ് ചെയ്തെന്ന നിഗമനത്തിലെത്താനാവില്ലെന്നു വ്യക്തമാക്കിയ കോടതി മനപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം നിലനില്‍ക്കുമോയെന്ന സംശയം പ്രകടിപ്പിക്കുക കൂടി ചെയ്തതോടെ കേസിന്റെ ഭാവി തന്നെ ചോദ്യചിഹ്നമാകുകയാണ്.