വിശ്വനാഥന്‍ ആനന്ദ്, പ്രഗ്നാനന്ദ ഇപ്പോഴിതാ ഡി.ഗുകേഷും. തമിഴ്നാടിന് മാത്രം എങ്ങനെ ഇത്രയും ചെസ് ചാംപ്യന്മാരെ ലഭിക്കുന്നു എന്ന് അത്ഭുതപ്പെടുന്നുണ്ടോ? മേല്‍പറഞ്ഞ മൂന്നു പേര്‍ മാത്രമല്ല, ആദ്യത്തെ ഇന്ത്യന്‍ ഇന്‍റര്‍നാഷ്ണല്‍ മാസ്റ്റര്‍ മാനുവല്‍ ആരോണിനേയും ആദ്യ ഇന്ത്യന്‍ വനിത ഗ്രാന്‍റ് മാസ്റ്ററായ വിജയലക്ഷ്മിയേയും രാജ്യത്തിന് സമ്മാനിച്ചതും തമിഴ്നാട് തന്നെ. ലിസ്റ്റ് ഇനിയും നീളും.
തമിഴകത്തിന്‍റെ ചതുരംഗ ആധിപത്യം ദശാബ്ദങ്ങള്‍ നീണ്ട അധ്വനത്തിലൂടെ സംഭവിച്ചതാണ്. ചെസ്സിന്‍റെ തലസ്ഥാനം എന്നാണ് ചെന്നൈയെ വിശേഷിപ്പിക്കുന്നത്. മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തിനും ഇത്രത്തോളം താരങ്ങളോ ചെസ്സ് ഇവന്‍റ്സോ ഇല്ല. ചതുരംഗവും തമിഴ്നാടും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സംസ്ഥാനത്തിന്‍റെ ചെസ് പാരമ്പര്യം അതിന്‍റെ ചരിത്രവും സ്വത്വവുമായി ആഴത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നു.
ചെസ് തമിഴ്നാടിന് വെറുമൊരു മല്‍സരമോ വിനോദമോ മാത്രമല്ല, സംസ്കാരത്തിന്റെ ഭാഗമാണ്. ചതുരംഗത്തിനായി ഒരു ക്ഷേത്രം തന്നെ തമിഴ്നാട്ടിലുണ്ട്. തിരുപ്പൂരിലെ ഈ ക്ഷേത്രത്തിന്‍റെ പേര് 'ചതുരംഗത്തില്‍ പ്രിയങ്കരനായ ഭഗവാൻ' എന്ന് അര്‍ഥം വരുന്ന ചതുരംഗ വല്ലഭനാഥർ ക്ഷേത്രം എന്നാണ്. തലമുറകളെ സ്വാധീനിച്ച ഇതിഹാസസമാനരായ നിരവധി ചെസ് പ്രതിഭകള്‍ക്കാണ് തമിഴ്നാട് ജന്മം നല്‍കിയത്.
1972-ൽ സ്ഥാപിതമായ ചെന്നൈയിലെ താൽ ചെസ്സ് ക്ലബ്ബ്, ഇന്ത്യയുടെ ആദ്യ ഗ്രാൻഡ്മാസ്റ്ററായ വിശ്വനാഥൻ ആനന്ദിന്‍റെ കരിയര്‍ രൂപാന്തരപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്നു. ഡി. ഗുകേഷ്, ആർ. പ്രഗ്നാനന്ദ, എസ്.പി. സേതുരാമൻ, ലിയോൺ മെൻഡോങ്ക, കെ. പ്രിയദർശൻ, ബി. അധിബൻ, വിഷ്ണു പ്രസന്ന, ആർ. വൈശാലി, വി. വർഷിണി ഉൾപ്പെടെയുള്ള ചെസ്സ് പ്രതിഭകള്‍ പഠിച്ചിറങ്ങിയ ചെന്നൈയിലെ വേലമ്മൽ സ്കൂളും ചെസ്സിന് പേരു കേട്ട തമിഴ്നാട്ടിലെ സ്കൂളാണ്. 2005 മുതൽ ഈ സ്കൂൾ ഇന്ത്യൻ ചെസ്സിന്‍റെ ശക്തികേന്ദ്രമാണ്.
ജയലളിതയുടെ ഇടപെടലുകളും എടുത്തു പറയണം. ചെസ്സിന്‍റെ വളര്‍ച്ചക്കായി അവര്‍ നിര്‍ണായകമായ പദ്ധതികളും നയങ്ങളും രൂപീകരിച്ചു. 2011 ലെ സ്കൂള്‍ പരിഷ്കരണമാണ് അതില്‍ പ്രധാനപ്പെട്ടത്. ഇതിലൂടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ഏഴു മുതല്‍ 17 വരെ പ്രായമുള്ള കുട്ടികള്‍ക്കായി ചെസ് കളിക്കായി പരിപോഷിപ്പിക്കുന്നതായിരുന്നു ഈ പദ്ധതി. 2013ല്‍ ലോക ചെസ് ചാംപ്യന്‍ഷിപ്പ് ചെന്നൈയില്‍ നടന്നതും ജയലളിതയുടെ കാലത്ത് തന്നെ. അന്നായിരുന്നു വിശ്വനാഥന്‍ ആനന്ദിനെ മാഗ്നസ് കാള്‍സണ്‍ തോല്‍പ്പിച്ചത്. 2022ല്‍ 44ാമത് ചെസ് ഒളിംപ്യാഡ് നടന്നതും തമിഴ്നാട്ടിലെ മഹാബലിപുരത്തായിരുന്നു.
ഇത്രയധികം ചെസ് പ്ലയേഴ്സുള്ള തമിഴ്‌നാട്ടില്‍ അനുകൂലമായ ഒരു അന്തരീക്ഷവും മല്‍സരബുദ്ധിയും സ്വഭാവികമായി തന്നെ രൂപപ്പെടും. ഇതിനൊപ്പം തന്നെ ഭരണകൂടത്തിന്‍റെ പിന്തുണയും കൂടുമ്പോള്‍ ചെസ് പ്രതിഭകള്‍ തമിഴ്‌നാട്ടില്‍ നിന്നും വരുന്നതില്‍ അത്ഭുതമുണ്ടാവേണ്ടതില്ല.