ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്നാവര്‍ത്തിച്ച് ആം ആദ്മി പാര്‍ട്ടി. സ്വന്തം ശക്തികൊണ്ട് ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടും. സഖ്യത്തിന് ഒരു സാധ്യതയില്ലെന്നും അരവിന്ദ് കേജ്‍രിവാള്‍ വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസും എഎപിയും സീറ്റ് വിഭജനത്തില്‍ അന്തിമ ധാരണയിലേക്ക് എത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പങ്കുവച്ചാണ് കേജ്‍രിവാള്‍ സഖ്യസാധ്യത തള്ളിയത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 62ലും ആം ആദ്മി പാര്‍ട്ടിയാണ് വിജയിച്ചത്. കോണ്‍ഗ്രസിന് ഒരൊറ്റ സീറ്റുപോലും കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ലഭിച്ചിട്ടില്ല. 18 സിറ്റിങ് എംഎല്‍എമാരെ മാറ്റി പുതുമുഖങ്ങളുമായാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ 31 സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
മൂന്നുതവണയായി ഡല്‍ഹിയില്‍ അധികാരത്തിലിരിക്കുന്ന ആം ആദ്മി പാര്‍ട്ടി ഭരണവിരുദ്ധ വികാരം മറികടക്കാനാണ് പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇത്രയേറെ സിറ്റിങ് എംഎല്‍എമാരെ മാറ്റിയത്. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ആപ്പിന്‍റെ സീലംപൂര്‍ എംഎല്‍എ അബ്ദുല്‍ റഹ്മാന്‍ ഇന്നലെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.