ജോർജ് സോറോസ് ആരോപണം സർക്കാരിനും ബിജെപിക്കും നേരെ തിരിച്ചടിച്ച് കോൺഗ്രസ്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ അംഗം ഷമിക രവി സോറോസിന്‍റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനിൽ നിന്ന് ഗ്രാന്‍റ് കൈപ്പറ്റി എന്ന് ആരോപണം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്‍റെ മകനും സോറോസുമായി ബന്ധമുണ്ടെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പ്രതികരിച്ചു. എന്നാൽ എല്ലാം അടിസ്ഥാനരഹിതം എന്നാണ് ഷമിക രവിയുടെ പ്രതികരണം.
ജോർജ് സോറോസ് ബന്ധം ആരോപിച്ച് ഭരണപക്ഷം പാർലമെന്‍റിനകത്ത് കത്തിക്കയറുമ്പോൾ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് കോൺഗ്രസ് ശ്രമം. പാർട്ടി വക്താവ് പവൻ ഖേരയാണ് എക്സ് പേജിലൂടെ ഇതു സംബന്ധിച്ച ആരോപണങ്ങൾ ഉന്നയിക്കുന്നത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവും തമിഴ്നാട് ഗവർണർ ആർ എൻ രവിയുടെ മകളുമായ ഷമിക രവിക്ക് ജോർജ് സോറസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനിൽ നിന്ന് രണ്ടുതവണ ഗ്രാൻ്റ് ലഭിച്ചു എന്നാണ് ആരോപണം. 2006-ൽ 16,500 ഡോളർ റിസർച്ച് ഗ്രാൻ്റും 2008-09-ൽ 20,000 ഡോളർ ഗ്രാൻ്റുമാണ് ലഭിച്ചതെന്ന് പവൻ ഖേര.
ആസ്പൻ ഇൻസ്റ്റിറ്റ്യൂട്ട്, ജർമ്മൻ മാർഷൽ ഫണ്ട് തുടങ്ങിയവ വഴി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻ്റെ മകനും സോറോസ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും പവർ ഖേര ആരോപിച്ചു. ഇവരെല്ലാം രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചവരാണോ എന്നും പ്രധാനമന്ത്രി ഇവരുടെ എല്ലാം രാജി എഴുതി വാങ്ങുമോ എന്നും പവൻ ഖേര ചോദിച്ചു. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും സോറസുമായി യാതൊരു ബന്ധവുമില്ലെന്നും ഷമിക രവി എക്സിൽ കുറിച്ചു.