സുഷമാ സ്വരാജിൽ നിന്ന് ഷീലാ ദീക്ഷിതിലേക്ക്.ഇപ്പോള്‍ അതിഷി മാര്‍ലെനയില്‍ നിന്ന് രേഖ ഗുപ്തയിലേക്ക്. പാര്‍ട്ടി ഏതുമാകട്ടെ,ഡല്‍ഹിയുടെ അമരത്തെ വനിതാ സാന്നിധ്യം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. വരി നിന്ന് വോട്ടു ചെയ്യേണ്ടവര്‍ മാത്രമല്ല സ്ത്രീകള്‍ എന്ന് രാജ്യതലസ്ഥാനം ഉറക്കെ പ്രഖ്യാപിക്കുന്നു. അധികാരത്തിലെത്തിയ വനിതകളെല്ലാം നമ്മുടെ നാട്ടില്‍ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്..
അമൃത് കൗര്‍, ഇന്ത്യയുടെ ആദ്യത്തെ ആരോഗ്യമന്ത്രി വനിതയായിരുന്നു. നെഹ്‌റു മന്ത്രിസഭ മുതല്‍ക്കേ സ്ത്രീകള്‍ ഭരണചക്രത്തിന്‍റെ ഭാഗമായി. 1963 ല്‍ സുചേതാ കൃപലാനി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി. പിന്നാലെ ഇന്ദിരാ പ്രിയദര്‍ശിനി എത്തി. ഇന്ത്യയുടെ പ്രധാനമന്ത്രിയായി. അത് മറ്റൊരു യുഗാരംഭമായിരുന്നു. ഇന്ദിരാ യുഗം!
എഴുപതുകളില്‍ നന്ദിനി സത്പതി ഒഡിഷയുടേയും ശശികല കകോദ്കര്‍ ഗോവയുടെയും മുഖ്യമന്ത്രിമാരായി. വൈകാതെ അസമില്‍ അന്‍വാരാ തൈമൂറും തമിഴ്നാട്ടില്‍ ജാനകി രാമചന്ദ്രനും അധികാരത്തിലെത്തി. പിന്നീട് തമിഴക രാഷ്ട്രീയത്തില്‍ മറ്റൊരു താരപ്പിറവി. ജയലളിത! ഒന്നും രണ്ടുമല്ല അഞ്ചുതവണയാണ് പുരട്ചി തലൈവി തമിഴകം ഭരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് മായാവതി പലവട്ടം മുഖ്യമന്ത്രിയായി. ബിഹാറില്‍ രാബ്‍റി ദേവിയും മധ്യപ്രദേശില്‍ ഉമാഭാരതിയും രാജസ്ഥാനില്‍ വസുന്ധര രാജെയും മുഖ്യമന്ത്രിക്കസേരയിലെത്തി. ഹിന്ദി ഹൃദയഭൂമിയിലെ പല രാഷ്ട്രീയ പോര്‍മുഖങ്ങളും നയിച്ചത് ഈ നാരീശക്തിയായിരുന്നു.
മെഹ്ബൂബ മുഫ്തിയും മമത ബാനര്‍ജിയുമൊക്കെ പിന്നീട് മുഖ്യമന്ത്രിമാരായി. മമത ബാനര്‍ജി ഇന്നും വംഗനാടിനെ നയിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവരോളം കരുത്തര്‍ അധികമില്ല. എന്നാല്‍, രാഷ്ട്രീയപ്രബുദ്ധമെന്നും പുരോഗമന, നവോത്ഥാന പ്രസ്ഥാനങ്ങളുടെ നാടെന്നുമെല്ലാം അവകാശപ്പെടുന്ന കേരളത്തില്‍ ഇന്നോളം വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്‍.ഗൗരിയമ്മ എന്ന മുദ്രാവാക്യം ഒരിക്കലുയര്‍ന്നെങ്കിലും നിരാശയായിരുന്നു ഫലം. സുശീല ഗോപാലനെയും കെ.കെ.ഷൈലജയെയും പോലെ ശക്തരായ നേതാക്കള്‍ പിന്നീടമുണ്ടായി. എന്നാല്‍ മുഖ്യമന്ത്രി പദത്തില്‍ ഒരു വനിത ഇന്നുവരെ എത്തിയില്ല. എന്നെത്തും ആ കാലം?