എന്താണ് ഈ മൈക്ക് പാര്‍ട്ടി..? ന്യൂ ഇയര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ചിലരെങ്കിലും ഈ വാക്ക് ഉപയോഗിക്കുന്നുണ്ട്. ഏക് സോ ബീസ് എന്ന പേരില്‍ ചില പാന്‍ ഉല്‍പന്നങ്ങള്‍ കേട്ടിട്ടില്ലേ. അതുപൊലെ ഒന്നാണത്രെ ഈ മൈക്ക്. എല്‍ .എസ്.ഡി. സ്റ്റാംപിന്റെ അളവിന് പറയുന്ന പേരാണ് മൈക്ക്. 100, 200 , 300 , 400, 500 എന്നിങ്ങനെ അഞ്ചുതരം മൈക്കുണ്ട്. 500 ൈമക്ക് എല്‍ .എസ്.ഡി. നാവിന്റെ അടിയില്‍ വച്ചാല്‍ പിന്നെ, ആള്‍ എണീക്കില്ല. മരണം വരെ സംഭവിക്കാം. 

വീര്യമേറിയ ലഹരിയുടെ തുള്ളികള്‍ കടലാസ് പേപ്പറില്‍ ഒഴിച്ചാണ് എല്‍ .എസ്.ഡി സ്റ്റാംപ് ഉണ്ടാക്കുന്നത്. ഒറ്റനോട്ടത്തില്‍ നല്ല നിറങ്ങളുള്ള കടലാസ്. ഈ കടലാസിന്റെ ഒരുഭാഗത്തെയാണ് സ്റ്റാംപ് എന്നു പറയുന്നത്. തപാല്‍ സ്റ്റാംപിന്റെ വലിപ്പത്തിലുള്ള കടലാസു കഷണം നാവിനടിയില്‍ വച്ചാല്‍ മണിക്കൂറുകള്‍ നീളുന്ന ലഹരി. ഇത്തരം ലഹരികള്‍ ഉള്‍പ്പെടുത്തിയാണ് ന്യൂ ഇയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്നത്. ആയിരം രൂപയാണ് പ്രവേശന ഫീസ്. പിന്നെ, ലഹരിക്ക് വേറെ കാശു കൊടുക്കണം. കേരളത്തില്‍ സമാനമായി നിരവധി പാര്‍ട്ടികള്‍ അണിയറയില്‍ ഒരുങ്ങുന്നതായി എക്സൈസ് പറയുന്നു. 

കണ്‍മുന്‍പില്‍ നിറങ്ങള്‍ മാത്രം

തൃശൂരില്‍ എല്‍ .എസ്.ഡി. സ്റ്റാംപുമായി പിടിയിലായ യുവാവിനോട് എക്സൈസ് ഉദ്യോഗസ്ഥര്‍ ചോദിച്ചു. ‘എങ്ങനെയുണ്ടടാ ഈ ലഹരി. ഇതു കഴിച്ചാല്‍ എന്താ തോന്നണേ..?’. 'ഇതു നാവിനടയില്‍ വച്ചാല്‍ ഉടനെ വേറൊരു ലോകമാണേ സാറേ. ടെലിവിഷന്റെ കളര്‍ അഡ്ജസ്റ്റ് ചെയ്യുമ്പോള്‍ നമ്മള്‍ കളര്‍ പരാമവധി കൂട്ടിയാല്‍ എങ്ങനെയിരിക്കും. അങ്ങനെയാണ്, ഓരോ കാഴ്ചകളും. നമ്മുടെ കണ്‍മുമ്പില്‍ വരുന്ന ഓരോ ദൃശ്യങ്ങളും ഫുള്‍ കളര്‍ . പിന്നെ, നിശ്ചലമായതെല്ലാം അനങ്ങുന്ന ഒരു ഫീല്‍’. ഈ ലഹരി ഉപയോഗിച്ച് കുറേ കഴിയുമ്പോള്‍ ശരീരം തളരും. പിന്നെ മണിക്കൂറുകള്‍ നീളുന്ന ഉറക്കം. ലഹരിക്കടിമയായാല്‍ മാനസിക വിഭ്രാന്തി. ആരോഗ്യം പൂര്‍ണമായും അവതാളത്തിലാകും. 

പുറമെയാരും അറിയില്ല

എല്‍ .എസ്.ഡി. സ്റ്റാംപ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ പൊതുവെ നിശബ്ദരായിരിക്കും. ചില യുവാക്കള്‍ വാടകയ്ക്കു വീടെടുത്ത് തൃശൂരില്‍ താമസിക്കുന്നുണ്ട്. ഇവരുെട കൈവശം എല്‍ .എസ്.ഡി പിടികൂടിയപ്പോള്‍ താഴെ താമസിക്കുന്ന വീട്ടുടമ പറഞ്ഞതു കേള്‍ക്കൂ. ''എന്തൊരു നല്ല കുട്ടികളാണ് ഇവര്‍. ഒരു ബഹളം വയ്ക്കില്ല. അര്‍ധരാത്രിയും പുലര്‍ച്ചെയും ഒക്കെയായി ബൈക്കുകളില്‍ ഇവര്‍ വരുന്നു കാണാം. അയല്‍ക്കാര്‍ക്ക് ആര്‍ക്കും ഒരു ശല്യം ഇതുവരെ ഉണ്ടാക്കിയിട്ടില്ല.''. മദ്യപിച്ചാല്‍ മറ്റുള്ളവര്‍ മണം നോക്കി പിടിക്കും. എല്‍ .എസ്.ഡി. സ്റ്റാംപ് നാവിനടയില്‍ വച്ച ഒരാളെ എളുപ്പം തിരിച്ചറിയാന്‍ കഴിയില്ല. കോളജ് വിദ്യാര്‍ഥികളില്‍ കൂടുതല്‍ പേരും ഈ ലഹരി ഉപയോഗിക്കുന്നതിന്റെ കാരണവും ഇതാണ്. പുസ്തത്തിന്റെ താളുകളില്‍ എല്‍ .എസ്.ഡി ലഹരിയുടെ കടലാസ് ഒളിച്ചു വച്ചാലും ആരും പിടിക്കില്ല. ഇനി, ആരെങ്കിലും ഇതു കണ്ടാല്‍ കളര്‍ പേപ്പറാണെന്നേ തോന്നൂ. 

വരവ് ഗോവയില്‍ നിന്ന്

 

ഗോവയില്‍ തമ്പടിച്ചിട്ടുള്ള നൈജീരിയ സ്വദേശികളാണ് എല്‍ .എസ്.ഡി. സ്റ്റാംപുകളുടെ മൊത്ത കച്ചവടക്കാര്‍ . കേരളത്തില്‍ നിന്ന് ഗോവയിലേക്ക് ടൂര്‍ പോകുന്ന മലയാളി യുവാക്കളെ ഇവര്‍ തേടിപിടിക്കും. ഒരിക്കല്‍ ഇത്തരം ലഹരിനുണഞ്ഞാല്‍ വീണ്ടും അതാവശ്യപ്പെടുമെന്ന് ഇവര്‍ക്കറിയാം. മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കും. ഒരു എല്‍ .എസ്.ഡി സ്റ്റാംപിന് അയ്യായിരം രൂപ വരെ വാങ്ങും. ഒറ്റത്തവണ മാത്രമേ ഇതുപയോഗിക്കാന്‍ കഴിയൂ. ലഹരി മാഫിയയ്ക്കു രാജ്യാന്തരബന്ധങ്ങള്‍ ഉള്ളതിനാല്‍ നമ്മുടെ എക്സൈസും പൊലീസും ഒന്നും വിചാരിച്ചാല്‍ തടയാന്‍ കഴിയുന്നതിനും അപ്പുറമാണിത്. എന്നാലും ഇക്കുറി പൊലീസും എക്ൈസും കച്ചകെട്ടുന്നു. പഴുതടച്ച കരുതലോടെ.