ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്ത് ഗ്രാമങ്ങളില്‍ പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും. കളേഴ്സ് ഓഫ് ഭാരത് എന്ന സാമൂഹ്യ പേജാണ് നിരവധി ഘടകങ്ങള്‍ പരിശോധിച്ച് പ്രകൃതിഭംഗി നിറയുന്ന ഇടമായി കൊല്ലങ്കോടിനെ തെരഞ്ഞെടുത്തത്. പട്ടികയില്‍ ഇടം പിടിച്ചതിന് പിന്നാലെ വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്.
നെല്ലിയാമ്പതി മലനിരകളെ പുല്‍കുന്ന മണ്ണിന് പറഞ്ഞാല്‍ തീരാത്തത്ര വിശേഷണങ്ങളുണ്ട്. നോക്കെത്താ ദൂരത്തോളം പടര്‍ന്നേറുന്ന പച്ചപ്പാടങ്ങള്‍. പാടത്തിന് നടുവില്‍ അങ്ങിങ്ങായി കുടിലുകള്‍. വിയര്‍പ്പിറ്റുന്ന കര്‍ഷകരുടെ ആശ്വാസ ഇരിപ്പിടമാണിവിടം. മനസിന് കുളിര്‍മ നിറയ്ക്കുന്ന ഗ്രാമഭംഗിയുടെ പര്യായം. കനത്തചൂടിലും കുന്നിന്‍ചെരുവിന്റെ നെറുകിലായി ആഴത്തില്‍ വേരൂന്നിയ ജൈവസമ്പത്തുണ്ട്. പഴമയും പൈതൃകവും ഹൃദയത്തിലേറ്റുന്ന ആരാധനാലയങ്ങളും. കണ്ടതല്ല ഇനിയുമേറെ കാണാനിരിക്കുന്ന ഗ്രാമഭംഗിയെന്ന് ഓരോ നിമിഷവും ഓര്‍മിപ്പിക്കുന്ന വേങ്ങനാട്. കാലിയും കാവല്‍പ്പുരയും കറ്റക്കളങ്ങളും പൊന്നിന്‍ കുടത്തിന്റെ പൊട്ടുകളാണ്. തെങ്ങും, കരിമ്പനയും, തെന്നിത്തഴുകി നീങ്ങുന്ന കാറ്റും കണ്ണേറു തട്ടാതെ ഇന്നും പ്രകൃതി കരുതുന്നത് പുതുതലമുറയ്ക്ക് കൂടി സമ്മാനിക്കാനാണ്.
നാട്ടിടവഴികളെ പുല്‍കി, കരിമ്പനയും തെങ്ങിന്‍ തോപ്പും ഒന്നിന് പുറകെ ഒന്നായ് പിന്നിലേക്കോടിച്ച് ആസ്വദിച്ച് പായുന്ന തീവണ്ടി. ശബ്ദം കൊണ്ട് പോലും അലോസരമുണ്ടാക്കാതെ ദൂരേയ്ക്ക് നീങ്ങുന്ന കാഴ്ച. വണ്ടിക്കുള്ളിലുള്ളവര്‍ക്കും വിരസതയുണ്ടാകില്ലെന്നുറപ്പ്. കൊല്ലങ്കോടിന്റെ മനോഹാരിത അറിയാന്‍ മാത്രം പാലക്കാട് പൊള്ളാച്ചി ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരുണ്ട്. വള്ളുവനാടില്‍ നിന്ന് വേങ്ങനാട്ടിലേക്കാണ് സിനിമാ പ്രവര്‍ത്തകരുടെ ഒഴുക്ക്. മലയാളം, കന്നട, തെലുങ്ക്, തമിഴ് എന്ന ഭാഷാ വേര്‍തിരിവില്ല. എവിടെ ക്യാമറ ചലിപ്പിച്ചാലും വിസ്മയം തീര്‍ക്കുന്ന ഫ്രെയിമുകള്‍. പല സംവിധായകന്‍മാര്‍ക്കും കൊല്ലങ്കോടിനെക്കുറിച്ച് പറയാന്‍ നൂറ് നാവാണ്. സിനിമയിലെ കഥാപാത്രങ്ങളെ മറികടക്കാന്‍ പ്രാപ്തിയുള്ള യഥാര്‍ഥ ജീവിതാനുഭവങ്ങളുള്ളവരുടെ നാട്. മുറിക്കിച്ചുവപ്പിച്ച് മുന്നേ നടന്നേറുന്ന മുത്തശ്ശിമാര്‍ക്കും മുഖത്ത് വാല്‍സല്യമാണ്. ജരാനരകള്‍ ബാധിക്കാത്ത നിരവധി ജീവിതങ്ങള്‍ കണ്ട് പ്രായം അടയാളപ്പെടുത്താത്ത പേരാലിനും ചെറുപ്പമാണ്. തണല്‍ മാത്രമല്ല ചിങ്ങംചിറയിലെ കാറ്റിന് ഹൃദയം തണുപ്പിക്കാനുള്ള കരുത്ത് കൂടിയുണ്ടെന്ന് അനുഭവസ്ഥര്‍. ഓലപ്പുരയ്ക്ക് കീഴിലിരുന്ന് ചായ മോന്തിയാലുള്ള ഉന്മേഷം പറയേണ്ടതില്ലല്ലോ. മാറ്റം എന്തായാലും ഞങ്ങളിവിടെ നല്ല വായു ശ്വസിച്ച് ഇങ്ങനെയൊക്കെ ജീവിക്കുമെന്ന് ഓരോരുത്തരും പറയും.
സീതാര്‍കുണ്ട് വെള്ളച്ചാട്ടം, വാമല, പല്ലശ്ശന. കള്ളികളിലൊതുങ്ങാത്ത കാഴ്ചകളുള്ള ഇടങ്ങള്‍ ഇനിയുമേറെയുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിലും സിനിമാ മേഖലയിലും മുടിചൂടാ മന്നനായിരുന്ന എം.ജി.ആറിന്റെ ജന്മസ്ഥലമെന്ന പ്രത്യേകതയും കൊല്ലങ്കോടിനുണ്ട്. അങ്ങനെ ഒട്ടേറെ യാഥാര്‍ഥ്യങ്ങളും മിത്തുകളും ഇപ്പോഴും ഒളിച്ചിരിക്കുന്ന മണ്ണ് കൂടിയാണിത്. കണ്ടവരുണ്ടെങ്കില്‍ മറ്റുള്ളവരോട് പറയും. കാണാത്തവരുണ്ടെങ്കില്‍ നേരിട്ടറിയാന്‍ വ്യഗ്രത കൂട്ടും. ഇതിനപ്പുറം എന്താണ് ഒരുനാടിന്റെ ഭംഗിയായിത്തീരേണ്ടത്.