lopamudra-wb

രാജ്യം കടുത്ത ചൂടില്‍ പൊള്ളിപ്പുകയുകയാണ്. 40ഡിഗ്രി സെല്‍സ്യസ് മുതല്‍ 46ഡിഗ്രി വരെ താപനില പലയിടത്തും ഉയര്‍ന്നുകഴിഞ്ഞു. കഠിനമായ ചൂടില്‍ വാര്‍ത്താഅവതാരകയുടെ രക്തസമ്മര്‍ദ്ദം താഴ്ന്ന് ബോധരഹിതയായ വാർത്തയാണ് ഇപ്പോൾ വരുന്നത്. താപനില അപ്ഡേറ്റുകള്‍ വായിക്കുന്നതിനിടെയാണ് സംഭവമെന്നതാണ് മറ്റൊരു കാര്യം. ദൂരദര്‍ശന്‍ കൊല്‍ക്കത്ത സെക്ഷന്‍ അവതാരക ലോപാമുദ്ര സിന്‍ഹയാണ് ബോധരഹിതയായത്. ‘ടെലി പ്രോംപ്റ്റര്‍ മാഞ്ഞു, ഞാന്‍ ബ്ലാക്ക് ഔട്ടായി, ബോധരഹിതയായി വീണു’എന്നാണ് ഇവര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വിഡിയോയില്‍ പറഞ്ഞിരിക്കുന്നത്. 

 

 

വ്യാഴാഴ്ച രാവിലെ സുഖമില്ലാത്തതു പോലെ തോന്നിയിരുന്നെന്നും എന്നാൽ വാർത്താ വായനക്കിടെ വെള്ളമൊന്നും കരുതാറില്ലെന്നും ലോപാമുദ്ര പറയുന്നു.  21 വർഷത്തെ കരിയറിൽ പ്രക്ഷേപണത്തിനിടെ ബുദ്ധിമുട്ടുകൾ ഒന്നും തോന്നിയിട്ടില്ല. എന്നാൽ അന്ന് പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ തൊണ്ട ഉണങ്ങുന്ന പോലെ തോന്നി, വിഷ്വൽസും സ്റ്റോറിയും ഓൺ എയർ പോവുന്നതിടെ ഫ്ലോർ മാനേജരോട് വെള്ളം തരാൻ പറഞ്ഞു. എന്നാൽ ഹോൾഡ്  ചെയ്യുന്ന വാർത്തകളൊന്നും ഇല്ലാത്തതിനാൽ വെള്ളം കുടിക്കാൻ സമയം കിട്ടിയില്ലെന്ന് ലോപ പറയുന്നു. പിന്നീട് ബുള്ളറ്റിന്റെ അവസാനഘട്ടത്തിലാണ് വെള്ളം കുടിക്കാനായത്. എന്നാൽ കാലാവസ്ഥാ അപ്ഡേറ്റ് പറയുന്നതിനിടെ ടെലി പ്രോംപ്റ്റർ മാഞ്ഞു പോകുന്ന പോലെ തോന്നി, പിന്നാലെ ബോധരഹിതയായി വീഴുകയായിരുന്നെന്നും ലോപമുദ്ര പറയുന്നു. 

വായിക്കുന്നതിനിടെ വാക്കുകള്‍ മുറിഞ്ഞുപോകുന്നതും ലോപമുദ്ര പങ്കുവെച്ച വിഡിയോയില്‍ കാണാം. അവതാരക ബോധരഹിതയായതിനു പിന്നാലെ മറ്റു പ്രോഗ്രാമുകള്‍ നല്‍കി പ്രക്ഷേപണം തുടരുകയായിരുന്നു. 

ഈ കടുത്ത ചൂടുകാലത്ത് പുറത്തല്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണമെന്നും മിസ് സിൻഹ പറയുന്നു. പ്രക്ഷേപണത്തിനിടെ അപ്രതീക്ഷിതമായുണ്ടായ ഈ സംഭവത്തിൽ മിസ് സിൻഹ ദൂരദർശനോട് മാപ്പ്  ചോദിക്കുന്നതായും ആ സാഹചര്യം വഷളാവാതെ കൈകാര്യം ചെയ്ത സഹപ്രവർത്തകരോട് നന്ദി പറയുന്നതായും ലോപമുദ്ര വിഡിയോയിൽ പറയുന്നു. 

 

TV anchor faints while reading heat wave