Image Credit: Twitter

ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്ന് പാറ്റയെയും പല്ലിയെയും കണ്ടെത്തിയെന്ന വാര്‍ത്തകള്‍ ഇടയ്ക്കിടയ്ക്ക് കേള്‍ക്കാറുണ്ടെങ്കിലും സോഷ്യല്‍ ലോകത്തെ ഞെട്ടിച്ച ഒരു സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബിരിയാണി കഴിക്കാന്‍ ഹോട്ടലിലെത്തിയ യുവാക്കള്‍ക്ക് ബിരിയാണിയില്‍ നിന്നും ലഭിച്ചത് സിഗരറ്റ് കുറ്റി. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഹൈദരാബാദിലെ ആർടിസി എക്സ് റോഡിലെ പ്രശസ്തമായ ബവാർച്ചി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കാണ് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടിവന്നത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

'ബവാർച്ചി ബിരിയാണിയിലെ സിഗരറ്റ് കുറ്റികൾ' എന്ന അടിക്കുറിപ്പോടെ, ഒരു എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ഒരു കൂട്ടം യുവാക്കള്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഹോട്ടല്‍ ജീവനക്കാരോട് തര്‍ക്കിക്കുന്നതാണ് വിഡിയോയിലുളളത്. എല്ലാവരും ബിരിയാണി തന്നെയാണ് ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇതില്‍ ഒരാളുടെ ബിരിയാണിയില്‍ ഉപയോഗിച്ച് വലിച്ചെറിഞ്ഞ പരുവത്തിലുളള സിഗരറ്റ് കുറ്റി കണ്ടെത്തുകയായിരുന്നു. ഇതോടെ വിവരം ഹോട്ടല്‍ അധികൃതരെ അറിയിക്കുകയും അതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബിരിയാണിയില്‍ കണ്ടെത്തിയ സിഗരറ്റ് കുറ്റി ഉയര്‍ത്തിക്കാട്ടി യുവാക്കളില്‍ ഒരാള്‍ ഹോട്ടല്‍ ജീവനക്കാരനോട് തര്‍ക്കിക്കുന്നതടക്കമുളള ദൃശ്യങ്ങള്‍ വിഡിയോയില്‍ വ്യക്തമാണ്. ഹോട്ടല്‍ ജീവനക്കാര്‍ പരാതി പരിഹരിക്കാന്‍ യുവാക്കളെ അനുനയിപ്പിക്കാനുളള ശ്രമം നടത്തുന്നതും വിഡിയോയിലുണ്ട്. ബിരിയാണി പാകം ചെയ്യുന്നതിനിടെ പാചകക്കാര്‍ സിഗരറ്റ് വലിച്ച് കുറ്റി കളഞ്ഞതാകാമെന്ന് യുവാക്കളിലൊരാൾ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. അതേസമയം പ്രശ്നം പരിഹരിച്ചോ എന്നതിനെ കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.