തന്‍റെ ഫിക്സഡ് ഡെപ്പോസിറ്റ് തുകയ്ക്ക് നികുതിയീടാക്കിയതിന്‍റെ പേരില്‍ ബാങ്ക് മാനേജറുടെ കഴുത്തിനുപിടിച്ച്, ആളുകള്‍ക്കു മുന്നിലിട്ട് തല്ലി ഉപഭോക്താവ്. എഫ്ഡി പലിശയ്ക്ക് ഉറവിടനികുതി ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ അക്കാര്യം സ്ഥിരീകരിക്കാന്‍ ബാങ്കിലെത്തിയതായിരുന്നു അക്കൗണ്ട് ഉടമ. മാനേജരോട് കാര്യം തിരക്കി. സംസാരം ഒടുവില്‍ തമ്മിലടിയില്‍ കലാശിച്ചു.
അഹമ്മദാബാദിലെ വസ്ത്രപൂരിലുള്ള യൂണിയന്‍ ബാങ്ക് ശാഖയിലാണ് നാടകീയ രംഗങ്ങള്‍. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ജയ്മാന്‍ റാവല്‍ എന്നയാളാണ് ബാങ്ക് മാനേജരായ ശുഭത്തെ ആക്രമിച്ചത്. മറ്റ് ജീവനക്കാര്‍ ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം.
ശുഭത്തിന്‍റെ തലയില്‍ റാവല്‍ തല്ലുന്നത് വിഡിയോയിലുണ്ട്. പ്രായമുള്ള ഒരു സ്ത്രീ ഇരുവരെയും പിടിച്ചുമാറ്റുകയും അക്രമം നിര്‍ത്താന്‍ ആവശ്യപ്പെട്ട് റാവലിനെ തല്ലുകയും ചെയ്യുന്നുണ്ട്. ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയില്‍ വസ്ത്രപുര്‍ പൊലീസ് കേസെടുത്തു.
ഏതാനും ദിവസം മുന്‍പ് പട്നയിലെ കാനറ ബാങ്ക് ശാഖയിലും സമാനസംഭവം ഉണ്ടായി. സിബില്‍ സ്കോറിന്‍റെ പേരിന്‍റെ പരാതിയുമായെത്തിയ ആള്‍ വനിതാ ബാങ്ക് മാനേജറെ ഭീഷണിപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നു. ഇയാള്‍ മാനേജരുടെ മുഖത്തേക്ക് വിരല്‍ചൂണ്ടി ദേഷ്യപ്പെടുന്നതും മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് നിലത്തെറിയുന്നതും വിഡിയോയിലുണ്ട്.
‘നിനക്ക് ഞാന്‍ ആരാണെന്ന് അറിയില്ല, എന്‍റെ സിബില്‍ സ്കോര്‍ ഇപ്പോള്‍ത്തന്നെ ശരിയാക്കണം. അല്ലെങ്കില്‍ ഞാന്‍ ആരാണെന്ന് കാണിച്ചുതരും. നിന്നെ ആരും സഹായിക്കാനുണ്ടാവില്ല, നിന്‍റെ കാബിനുള്ളില്‍ സംഭവിക്കാന്‍ പോകുന്നത് എന്താണെന്ന് നിനക്ക് അറിയില്ല’ തുടങ്ങിയ ഭീഷണി വാചകങ്ങളും ഇയാള്‍ മുഴക്കിയിരുന്നു. ഈ സംഭവത്തിലും കേസെടുത്തിട്ടുണ്ട്.